തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്ഡറി പ്രവേശത്തിലെ പ്രതിസന്ധികള്‍ പരിഹരിക്കപ്പെടുന്നു.
പ്ലസ് വണ്ണിന് 71 താത്കാലിക ബാച്ചുകള്‍ (plus one seat ) കൂടി അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഇവിടേക്ക് ഗസ്റ്റ് അധ്യാപകരെയും നിയമിക്കും. സ്കൂള്‍ തുറന്ന് ഒരു മാസം കഴിഞ്ഞതിനാല്‍ ഡിസംബര്‍ 13 മുതല്‍ വിദ്യാലയങ്ങളില്‍ യൂണിഫോം ( uniform mandatory )നിര്‍ബന്ധമാക്കുമെന്നും മന്ത്രി അറിയിച്ചു. സാധാരണ സ്കൂളുകളെ പോലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കൂളുകള്‍ ഈ മാസം എട്ട് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ഇവര്‍ക്കുള്ള ഹോസ്റ്റലുകളും തുറന്ന് പ്രവര്‍ത്തിക്കും. ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളിലേക്ക് എത്താമെന്നും മന്ത്രി വ്യക്തമാക്കി.
അതിനിടെ സംസ്ഥാനത്തെ വാക്സീനെടുക്കാത്ത അധ്യാപകരുടെ കണക്ക് മന്ത്രി പുറത്ത് വിട്ടു. അധ്യാപകരും അനധ്യാപകരുമായി 1707 പേരാണ് ഇതുവരെയും വാക്സീന്‍ സ്വീകരിക്കാത്തതെന്ന് മന്ത്രി അറിയിച്ചു. ഇവരില്‍ 1066 പേര്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ അധ്യാപകരാണ്. ഈ വിഭാഗത്തിലെ 189 അനധ്യാപകരും വാക്സീന്‍ എടുത്തിട്ടില്ല. ഹയര്‍ സെക്കന്‍ഡറി അധ്യാപകരില്‍ 200 പേരും അനധ്യാപകരില്‍ 23 പേരും വാക്സീനെടുത്തിട്ടില്ല. വിഎച്ച് എസ് ഇയില്‍ 229 അധ്യാപകര്‍ വാക്സീനെടുത്തിട്ടില്ല. എന്നാല്‍ എല്ലാ അനധ്യാപകരും വാക്സീന്‍ സ്വീകരിച്ച് കഴിഞ്ഞു. മലപ്പുറത്താണ് വാക്സീന്‍ എടുക്കാത്ത അധ്യാപകര്‍ കൂടുതല്‍. വാക്സീനെടുക്കാത്തവരുടെ പേരുള്‍പ്പടെ വിവരം കയ്യിലുണ്ടെന്നും അധ്യാപകരുടെ സമീപനം ഒന്നുകൂടി പരിശോധിച്ച ശേഷം കൂടുതല്‍ നടപടി ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു.
കുട്ടികളുടെ ആരോഗ്യത്തിനാണ് ആദ്യപരിഗണനയെന്നും വാക്സീനേഷന് പ്രാധാന്യം നല്‍കുന്നത് അതിനാലാണെന്നും മന്ത്രി പറഞ്ഞു. വാക്സീന്‍ എടുക്കാത്തവരോട് കാരണം ചോദിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്നം ഉള്ളവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. അതല്ലെങ്കില്‍ എല്ലാ ആഴ്ചയും ആര്‍ട്ടിപിസിആര്‍ റിസള്‍ട്ട് നല്‍കണം. ഒട്ടും സഹകരിക്കാത്ത അധ്യാപകര്‍ക്ക് ലീവ് എടുക്കാന്‍ അവസരമുണ്ട്. ശൂന്യവേതന അവധി ഇവര്‍ക്ക് അനുവദിക്കും. അധ്യാപകരുടെ സമീപനം ഒന്നുകൂടി പരിശോധിച്ച ശേഷം കൂടുതല്‍ നടപടി ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു.
0 Comments