Gangrape Case: 'പൊതുവികാരം നോക്കി ശിക്ഷിക്കരുത്' കൂട്ടബലാത്സംഗ കേസ് കുറ്റവാളികളുടെ വധശിക്ഷ റദ്ദാക്കി ഹൈക്കോടതി

 


മുംബൈ: മാധ്യമപ്രവര്‍ത്തകയെയും പെണ്‍കുട്ടിയെയും കൂട്ടബലാത്സംഗം ചെയ്ത കേസിലെ കുറ്റവാളികളുടെ വധശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി.

പൊതുവികാരത്തിന്‍റെ അടിസ്ഥാനത്തില്‍ വിധി പറയരുതെന്ന് പ്രസ്താവിച്ച്‌ കൊണ്ടാണ് ബോംബെ ഹൈക്കോടതി നിലപാടെടുത്തത്. ശക്തി മില്‍സ് കൂട്ടബലാത്സംഗക്കേസിലെ മൂന്ന് പ്രതികളുടെ വധശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. 2013ല്‍ മുംബൈയില്‍ ശക്തിമില്ലില്‍ വച്ച്‌ ഫോട്ടോ ജേണലിസ്റ്റിനെ ബലാത്സംഗം ചെയ്ത കേസിലാണ് നടപടി. ഇതേ വര്‍ഷം ജൂലൈയില്‍ മറ്റൊരു പെണ്‍കുട്ടിയെയും പ്രതികള്‍ ബലാത്സംഗം ചെയ്തിരുന്നു. ഇത് കൂടി പരിഗണിച്ചാണ് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. പ്രതികള്‍ക്ക് പരോള്‍ പോലും ലഭിക്കാതെ ജീവപര്യന്തം കഠിന തടവാക്കി ശിക്ഷ കുറയ്ക്കുകയാണ് ബോംബെ ഹൈക്കോടതി ചെയ്തത്.

ശക്തി മില്‍സ് കൂട്ടബലാത്സംഗ കേസ് സമൂഹത്തെ ഞെട്ടിച്ചതാണെന്ന യാഥാര്‍ത്ഥ്യം മനസിലാക്കുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. ഇത്തരമൊരു ഹീനകൃത്യം ശരീരത്തെയും മനസിനെയും ബാധിക്കുന്നതാണ്. എന്നാല്‍ പൊതുവികാരം നോക്കി ഇത്തരം കേസുകളില്‍ ശിക്ഷ വിധിക്കാന്‍ കഴിയില്ല. വധശിക്ഷ അപൂര്‍വമായേ നല്‍കാവൂ. ഇത്തരമൊരു ശിക്ഷ തിരിച്ചെടുക്കാന്‍ കഴിയാത്തതാണെന്നും ബോംബെ ഹൈക്കോടതി പറഞ്ഞു.

2013 ഓഗസ്റ്റ് 22 നാണ് മഹാരാഷ്ട്രയിലെ തകര്‍ന്നുകിടക്കുന്ന ശക്തി മില്‍സില്‍ വെച്ച്‌ ഫോട്ടോജേണലിസ്റ്റിനെ പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തില്‍ 2014 മാര്‍ച്ച്‌ മാസത്തിലാണ് സെഷന്‍സ് കോടതി കുറ്റവാളികള്‍ക്ക് വധശിക്ഷ വിധിച്ചത്. 18കാരനായ വിജയ് മോഹന്‍ യാദവ്, മൊഹമ്മദ് കാസിം ഷെയ്ഖ് ബംഗാളി (20), മൊഹമ്മദ് സലിം അന്‍സാരി (27) എന്നിവരാണ് കേസിലെ കുറ്റക്കാര്‍. 2013 ജൂലൈ മാസത്തില്‍ ടെലിഫോണ്‍ ഓപ്പറേറ്ററായ മറ്റൊരു പെണ്‍കുട്ടിയെയും പ്രതികള്‍ ഇതേ സ്ഥലത്ത് വെച്ച്‌ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയിരുന്നു.

രണ്ട് കേസുകളിലും സമാന്തരമായാണ് വിചാരണ നടന്നത്. ഒരേ ദിവസം തന്നെ രണ്ട് കേസുകളിലും വിധി പുറപ്പെടുവിക്കുകയും ചെയ്തു. കുറ്റവാളികള്‍ രണ്ട് തവണ കുറ്റകൃത്യം ചെയ്തതിനാല്‍ ഇവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് അന്ന് വിചാരണ കോടതിയില്‍ പ്രൊസിക്യൂഷന്‍ ആവശ്യപ്പെട്ടത്. അന്ന് സെഷന്‍സ് കോടതി പ്രിന്‍സിപ്പല്‍ ജഡ്ജായിരുന്ന ശാലിനി ഫന്‍സല്‍കര്‍ ജോഷി പ്രൊസിക്യൂഷന്‍ വാദം അംഗീകരിക്കുകയും പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുകയുമായിരുന്നു.

കഴിഞ്ഞ മാസമാണ് ബോംബെ ഹൈക്കോടതിയിലെ രണ്ടംഗ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലേക്ക് പ്രതികളുടെ അപ്പീല്‍ ഹര്‍ജി എത്തിയത്. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 376ഇ വകുപ്പാണ് ചുമത്തിയത്. ഈ വകുപ്പ് പ്രകാരം സ്ഥിരം കുറ്റവാളികളാണ് പ്രതികളെന്നായിരുന്നു കോടതി വിധി. എന്നാല്‍ ഒരു തവണ കുറ്റം ചെയ്ത് ശിക്ഷിക്കപ്പെട്ടവര്‍ വീണ്ടും തെറ്റ് ആവര്‍ത്തിച്ച്‌ വിചാരണ നേരിടുമ്ബോഴാണ് ഈ വകുപ്പ് പ്രകാരം കേസെടുക്കാനാവൂ എന്നാണ് കോടതിയില്‍ പ്രതിഭാഗം വാദിച്ചത്. ഈ വകുപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികള്‍ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. എന്നാല്‍ ഹൈക്കോടതി പ്രതിഭാഗത്തിന്റെ വാദം മുഖവിലയ്ക്ക് എടുക്കുകയും അതേസമയം ജീവിതാവസാനം വരെ പ്രതികളെ പരോളില്ലാതെ തടവില്‍ പാര്‍പ്പിക്കാന്‍ വിധിക്കുകയുമായിരുന്നു.

Post a Comment

0 Comments