സിഡ്‌നി : ഓസ്ട്രേലിയയില്‍ ആദ്യത്തെ കോവിഡ് ഒമിക്രോണ്‍ അണുബാധ കണ്ടെത്തി.
ദക്ഷിണാഫ്രിക്കയില്‍ നിന്ന് സിഡ്നിയിലേക്ക് പറന്ന രണ്ട് യാത്രക്കാരെ പരിശോധിച്ചതിന് ശേഷം ആദ്യമായി കോവിഡ് ഒമിക്രോണ്‍ സ്ട്രെയിന്‍ കണ്ടെത്തിയതായി ഓസ്ട്രേലിയയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ‘ലക്ഷണങ്ങളില്ലാത്ത രണ്ട് പോസിറ്റീവ് കേസുകള്‍ ഐസൊലേഷനിലാണ്. രണ്ടുപേരും പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്തിട്ടുണ്ട്’, ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം, കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണ്‍ പല രാജ്യങ്ങളിലും പിടിമുറുക്കിയ സാഹചര്യത്തില്‍ ഏഴ് രാജ്യങ്ങള്‍ക്ക് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തി സൗദി. ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ വിമാനങ്ങള്‍ക്കാണ് വിലക്ക്.
മലാവി, സാംബിയ, മഡഗാസ്‌കര്‍, അംഗോള, സീഷെല്‍സ്, മൗറീഷ്യസ്, കൊമൗറോസ് എന്നീ രാജ്യങ്ങിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ക്കാണ് വിലക്ക്. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാബ്വെ, മൊസാംബിക്, ഈസ്വതിനി, ലിസോത്തോ എന്നീ രാജ്യങ്ങളില്‍ നിന്നും തിരിച്ചുമുള്ള സര്‍വീസുകള്‍ക്കാണ് സൗദി നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഇതോടെ സൗദി വിലക്കിയ ആഫ്രിക്കന്‍ രാജ്യങ്ങളുടെ എണ്ണം 14 ആയി. യുഎഇ, ബഹ്‌റൈന്‍, ഒമാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളും ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജര്‍മനി, ഇറ്റലി, ചെക്ക് റിപ്പബ്ലിക് രാജ്യങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിലും രോഗബാധിതര്‍ കൂടുകയാണ്. തീവ്രവ്യാപന ശേഷിയുള്ള വകഭേദമാണ് ഒമിക്രോണ്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകാരോഗ്യ സംഘടനയും ഇത്തരത്തിലാണ് വിലയിരുത്തിയത്.
0 Comments