മോഫിയയുടെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍: ആലുവ പൊലീസിന് വിമര്‍ശനം, സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കണമെന്ന് ഗവര്‍ണര്‍

 


കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണിന്റെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആലുവ പൊലീസിന്റെ നടപടിയെ ഗവര്‍ണര്‍ വിമര്‍ശിച്ചു.

 മികച്ച പൊലീസ് സംവിധാനമാണ് കേരളത്തില്‍ ഉള്ളതെങ്കിലും ചില സ്ഥലങ്ങളില്‍ ആലുവ സംഭവം ആവര്‍ത്തിക്കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. സ്ത്രീധന പീഡന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണെന്നും സ്ത്രീധനമെന്ന സമ്പ്രദായം ഇല്ലാതാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സിഐ സിഎല്‍ സുധീറിനെതിരെ എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുകയാണ് പൊലീസ്. സിഐയുടെ പെരുമാറ്റം പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നാണ് എഫ്‌ഐആര്‍. മോഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്‌ഐആറിലാണ് സിഐയ്‌ക്കെതിരെ ഗുരുതര പിഴവ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഒരിക്കലും സിഐയില്‍ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ പരാതി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് മോഫിയയും ഭര്‍ത്താവ് സുഹൈലും ആലുവ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. പ്രശ്‌ന പരിഹാരത്തിനായി ഇവരെ വിളിച്ചുവരുത്തിയതായിരുന്നു. സംസാരത്തിനിടെ ദേഷ്യം വന്ന് മോഫിയ സുഹൈലിന്റെ കരണത്തടിച്ചു. ഇതുകണ്ട സിഐ സുധീര്‍ കയര്‍ത്ത് സംസാരിക്കുകയായിരുന്നു. മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സിഐ സുധീറിനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Post a Comment

0 Comments