മോ‌ഡലുകള്‍ മരിച്ചത് സൈജു പിന്തുടര്‍ന്നതിനാല്‍; ഇയാള്‍ ലഹരിക്കടിമയെന്നും പൊലീസ്, ലഭിച്ചത് നിരവധി തെളിവുകള്‍

 


കൊച്ചി: ദേശീയപാതയില്‍ മോഡലുകളും സുഹൃത്തും വാഹനാപകടത്തില്‍ മരിച്ചതിന് പിന്നിലെ മുഖ്യകാരണം ഓഡി കാറിന്റെ ഡ്രൈവര്‍ സൈജു തങ്കച്ചന്‍ പിന്തുടര്‍ന്നതാണെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച്‌ നാഗരാജു.

ഇയാള്‍ ലഹരിക്കടിമയാണെന്നും ലഹരി ഉപയോഗിക്കാന്‍ നിരവധി പേരെ പ്രേരിപ്പിച്ചിട്ടുണ്ടെന്നും നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി തെളിവ് ലഭിച്ചുവെന്നും കമ്മിഷണര്‍ അറിയിച്ചു.

സൈജുവിന്റെ സ്വഭാവം സംബന്ധിച്ച അന്വേഷണത്തില്‍ നിയമവിരുദ്ധമായ അനേകം കാര്യങ്ങള്‍ കണ്ടെത്തിയെന്നും ഇയാളുടെ ചൂഷണത്തിന് ഇരയായവര്‍ പരാതി നല്‍കിയാല്‍ കേസ് എടുക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു. മാത്രമല്ല ഇയാള്‍ക്കെതിരെ സ്വമേധയാ കേസ് എടുക്കുന്നത് പരിഗണനയിലുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

സൈജുവിന്റെ കസ്റ്റഡി ഇന്നവസാനിച്ച സാഹചര്യത്തില്‍ പൊലീസ് സമര്‍പ്പിച്ച അപേക്ഷയില്‍ മൂന്ന് ദിവസത്തേയ്ക്ക് കൂടി കസ്റ്റഡിയില്‍ തുടരാന്‍ കോടതി ഉത്തരവിട്ടു. റിമാന്‍ഡ് റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങളുടെ പേരിലാണ് കസ്റ്റഡി കാലാവധി നീട്ടിയത്.

മോഡലുകളെ സൈജുവില്‍ നിന്നും രക്ഷിക്കുന്നതിനായാണ് ഡ്രൈവര്‍ അബ്ദുള്‍ റഹ്മാന്‍ അതിവേഗത്തില്‍ വാഹനമോടിച്ചതെന്നും ഇയാള്‍ പിന്തുടര്‍ന്നില്ലായിരുന്നുവെങ്കില്‍ മൂന്ന് പേരും ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നെന്നും അതിനാല്‍ ഒന്നാം പ്രതിയാകേണ്ടത് സൈജുവാണെന്നും പ്രൊസിക്യൂഷന്‍ കോടതില്‍ വാദിച്ചു.

ഇന്‍സ്റ്റാഗ്രാമിലെ സൈജുവിന്റെ ചാറ്റുകള്‍ പരിശോധിച്ചതില്‍ നിന്നും ഗൗരവമായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ ലഹരി പാര്‍ട്ടികള്‍ നടത്തിയതിന്റെ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇയാളുടെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാനാണ് പൊലീസ് തീരുമാനം.

Post a Comment

0 Comments