1980കളിലും 90കളിലും മികവുറ്റ സിനിമകളിൽ മികച്ച കഥാപാത്രങ്ങളിലൂടെ നിറഞ്ഞ് നിന്ന കലാകാരനായിരുന്നു ടി.പി മാധവൻ എന്ന നടൻ. 650ൽ അധികം സിനിമകളിലാണ് 86 വയസിനിടെ അദ്ദേഹം അഭിനയിച്ചിട്ടുള്ളത്.
ആഗ്രഹിച്ചിട്ടല്ലെങ്കിലും ഇപ്പോൾ സിനിമാ സീരിയൽ എന്നിവയിൽ നിന്നെല്ലാം മാറി പത്തനാപുരം ഗാന്ധിഭവന്‍ വിശ്രമ ജീവിതം നയിക്കുകയാണ്. എൺപത്തിയാറ് വയസ് പിന്നിട്ടെങ്കിലും സിനിമയേയും അഭിനയത്തേയും കുറിച്ചുള്ള ഓർമകൾ പങ്കുവെക്കാൻ പഴയ യുവത്വം മാധവനിൽ തിരിച്ചെത്തും. അച്ഛനും കേരള സർവകലാശാല ഡീൻ ആയിരുന്നു. പക്ഷെ മാധവൻ തിരിഞ്ഞെടുത്തത് മാധ്യമപ്രവർത്തനമായിരുന്നു. യുവാവായിരുന്നപ്പോൾ കുറേനാൾ ബോംബെയിൽ മാധ്യമപ്രവർത്തകനായി ജോലി ചെയ്തു.
നാടകങ്ങളോടുള്ള പണ്ടേ പ്രിയമായിരുന്നു. നിരവധി നാടകങ്ങളിൽ വേഷമിട്ട ശേഷമാണ് സിനിമയിലേക്ക് എത്തിയത്. 1975ൽ ആണ് മാധവന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ആദ്യ സിനിമ രാഗമായിരുന്നു. പിന്നീടങ്ങോട്ട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. താരസംഘടനയായ അമ്മ രൂപീകരിച്ചപ്പോൾ മാധവനായിരുന്നു സെക്രട്ടറി. എം.ജി സോമൻ പ്രസിഡന്റ്. മാധവൻ 10 കൊല്ലത്തോളം അവിടെ തുടർന്നു. അദ്ദേഹം കഴിഞ്ഞ ദിവസം ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ ജീവിതത്തിലെ ഓർമകൾ പങ്കുവെച്ചു. നാടകവേദിയിലെ പ്രകടനം കണ്ട് പ്രശസ്ത നർത്തകിയായിരുന്ന രുക്മിണി ദേവി വരെ വന്ന് അഭിനന്ദിചതിനെ കുറിച്ച് വരെ വാചാലനായി.
ഗാന്ധി ഭവനത്തിലെ ജീവിതം ആസ്വദിക്കുകയാണ് അദ്ദേഹം. തന്റേതായ ചിട്ടവട്ടങ്ങളിലൂടെ സഞ്ചരിക്കുന്നതിനാൽ ജീവിതം ബോറടിക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. 'സിനിമയോ സീരിയലോ എന്ന് നോക്കാറില്ല അഭിനയിക്കുമ്പോൾ. നല്ല കഥയാണോ കഥാപാത്രമാണോ എന്ന് മാത്രമാണ് ശ്രദ്ധിക്കാറുള്ളത്. നല്ല കഥകൾ സിനിമയിൽ നിന്നോ സീരിയലിൽ നിന്നോ ലഭിച്ചാലും ചെയ്യുമായിരുന്നു. സിനിമാ ജീവിതം വിട്ട് വിശ്രമിക്കണമെന്ന് തോന്നിയിരുന്നില്ല. ചൂയിംഗം കഴിക്കും പോലെയാണ് അഭിനയിക്കുന്തോറും ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്ന് മാത്രമാണ് തോന്നിയിട്ടുള്ളത്. ആരും എന്നെ വന്ന് സന്ദർശിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. ഇന്ന് ടെലഫോൺ അടക്കമുള്ള സംവിധാനങ്ങൾ ഉണ്ടല്ലോ... എപ്പോൾ വേണമെങ്കിലും വിളിക്കാമല്ലോ...! എന്റെ ഗുരുവായി ഞാൻ കാണുന്നത് നടൻ മധുവിനെയാണ് അദ്ദേഹത്തെ പിന്തുടരാനാണ് ഇഷ്ടം. പണം സമ്പാദിക്കണമെന്ന് തോന്നിയിട്ടില്ല. ജീവിക്കാനാവശ്യമായ ഒരു ഘടകമായി മാത്രമാണ് കണ്ടിരുന്നത്. ആർക്കും ബുദ്ധിമുട്ട് ആകരുത് എന്ന് മാത്രമാണ് എപ്പോഴും ചിന്തിക്കുന്നത്' മാധവൻ പറഞ്ഞു.
'മോഹൻലാലിനെ ഒന്ന് കാണണമെന്നോ...? അദ്ദേഹം വന്ന് സന്ദർശിച്ചിരുന്നെങ്കിൽ നന്നായിരുന്നു എന്നോ! എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?' എന്ന ചോദ്യത്തിന് ടി.പി മാധവന്റെ മറുപടി ഇങ്ങനെയായിരുന്നു. 'ഒരു മോഹൻലാലല്ലേ ഉള്ളൂ... അദ്ദേഹത്തെ കാണണമെന്ന് എല്ലാവരും പറഞ്ഞാൽ... അദ്ദേഹം എവിടെയെല്ലാമാണ് ചെല്ലുക. അദ്ദേഹം വന്ന് സന്ദർശിക്കണമെന്ന ആഗ്രഹമൊന്നും ഇല്ല. മോഹൻലാൽ എന്റെ നല്ല സുഹൃത്താണ്. സിനിമയിൽ അഭിനയിക്കുമ്പോൾ മുതൽ നല്ല സുഹൃത്തുക്കളാണ്. അദ്ദേഹം എന്റെ കുടുംബാംഗപോലെയാണ്' മാധവൻ പറഞ്ഞു. സിനിമയിൽ ഗാനം ആലപിക്കണം എന്നത് വലിയ ആഗ്രഹമായിരുന്നുവെന്നും എന്നാൽ അത് സാധിക്കാതിരുന്നതിൽ സങ്കടമുണ്ടായിരുന്നുവെന്നും മാധവൻ പറയുന്നു. ബന്ധുക്കളോടോ സുഹൃത്തുക്കളോ ദേഷ്യമില്ലെന്നും എല്ലാവരോടും സ്നേഹം മാത്രമേയുള്ളൂവെന്നും അവർക്ക് തന്നോടുള്ള മനോഭാവം എങ്ങനെയാണെന്ന് അറിയില്ലെന്നും മാധവൻ പുഞ്ചിരിച്ചുകൊണ്ട് പറയുന്നു.
തന്റെ കുടുംബത്തിൽ എല്ലാവരും തൊണ്ണൂറും നൂറും വയസ് വരെ ജീവിച്ചിരുന്നവരായിരുന്നുവെന്നും ജീവിക്കുന്ന കാലത്തോളം ഇങ്ങനെയൊക്കെ പോകണമെന്ന് മാത്രമാണ് ആഗ്രഹിക്കുന്നതെന്നും മാധവൻ പറഞ്ഞു. ഒരുപാട് കാലം ജീവിച്ചിരിക്കുമ്പോൾ സമൂഹത്തിൽ നിന്ന് 'ഇയാൾ ഇനിയും പോയില്ലെ?' എന്ന തരത്തിലുള്ള ചോദ്യമുണ്ടാകുമെന്നും മാധവൻ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് ഹരിദ്വാർ സന്ദർശിക്കാൻ പോയ അദ്ദേഹം ഹരിദ്വാറിലെ അയ്യപ്പക്ഷേത്രത്തിൽ കുഴഞ്ഞുവീണു. പിന്നീട് ആരോഗ്യം വീണ്ടെടുത്ത് ജീവിതത്തിലേക്ക് തിരിച്ചുവന്നു. ശേഷമാണ് സീരിയല്‍ സംവിധായകന്‍ പ്രസാദ് നൂറനാട്, സുജിന്‍ലാല്‍ എന്നിവര്‍ ചേർന്ന് അദ്ദേഹത്തെ ഗാന്ധി ഭവനിലെത്തിച്ചത്. ഗാന്ധിഭവനിലെത്തിയ ടി.പി മാധവൻ ശിഷ്ടകാലം ഇനി ഗാന്ധി ഭവനിൽ കഴിയാനാണിഷ്ടമെന്ന് പറയുകയായിരുന്നു.
0 Comments