തൃശൂരില്‍ നാല് പേര്‍ക്ക് കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരിസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 60 ആയി. ആലപ്പുഴയിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നാലു വിദ്യാര്‍ത്ഥികള്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് വ്യാപനം കണക്കിലെടുത്ത് കോളേജിലെ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.
നേരത്തെ സെന്റ് മേരീസ് കോളേജിലെ തന്നെ 54 വിദ്യാര്‍ത്ഥിനികള്‍ക്കും 4 ജീവനക്കാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഈ മാസം എട്ടാം തിയതി മുതലാണ് വിദ്യാര്‍ത്ഥികള്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയത്. ഇവര്‍ കൂട്ടതോടെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് രോഗവിവരം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ സാംപിളുകള്‍ ആലപ്പുഴ വൈറോളജി ലാബിലേക്ക് അയക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് നോറ വൈറസ് സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ കുടിവെള്ളത്തില്‍ നിന്നും രോഗം പകര്‍ന്നു എന്നാണ് പ്രാഥമിക നിഗമനം. രോഗ വ്യാപനം തടയാന്‍ ഹോസ്റ്റലിലെ ബാക്കി വിദ്യാര്‍ത്ഥികളെ ഐസൊലേറ്റ് ചെയ്തു.
മറ്റ് ജില്ലകളിലേക്ക് പോയ കുട്ടികളുടെ വിവരങ്ങള്‍ അതാത് ജില്ലകളിലെ ഡിഎംഒയ്ക്ക് കൈമാറിയതായി ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. തൃശൂരിലെ മറ്റ് ഹോസ്റ്റലുകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. രോഗം നിര്‍ണയിച്ചതിനെ തുടര്‍ന്ന് കോളേജ് ഹോസ്റ്റലും പ്രദേശത്തെ കിണറുകളും അണുവിമുക്തമാക്കി.
0 Comments