പെണ്‍കുട്ടിയുടെ കഴുത്ത് ഞെരിച്ചു, തലയ്‌ക്കടിച്ചു; പത്താം ക്ലാസുകാരനായ പ്രതി ജൂഡോ ചാമ്ബ്യന്‍; ഉപദ്രവിക്കാന്‍ കാരണം ഇന്റര്‍നെറ്റിന്റെ അമിത ഉപയോഗമെന്ന് പോലീസ്

 


മലപ്പുറം : കൊണ്ടോട്ടിയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ജില്ലാ ജൂഡോ ചാമ്ബ്യനെന്ന് ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ്.പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രതി കുറ്റസമ്മതം നടത്തി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

15 വയസുകാരനാണെങ്കിലും പ്രതി ആരോഗ്യമുള്ളയാളാണെന്നും ജില്ലാ തലത്തില്‍ ജൂഡോ ചാമ്ബ്യനാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. എന്നാല്‍ പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. പെണ്‍കുട്ടിയെ പിന്തുടര്‍ന്നാണ് പ്രതി ആക്രമണം നടത്തിയത്. ആക്രമണത്തിനിടെ 15 കാരന്റെ ശരീരത്തിലും മുറിവേറ്റിരുന്നു. പെണ്‍കുട്ടിയുടെ കഴുത്ത് ഞെരിക്കുകയും തലയ്‌ക്ക് കല്ല് കൊണ്ട് അടിയ്‌ക്കുകയും ചെയ്തിരുന്നു. വസ്ത്രങ്ങള്‍ വലവിച്ചു കീറുകയും കൈകള്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകുകയും ചെയ്തു. പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി ഓടിരക്ഷപ്പെട്ട് സമീപത്തെ വീട്ടില്‍ അഭയം തേടുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് പെണ്‍കുട്ടി രക്ഷപ്പെട്ടതെന്നും ആക്രമണത്തെ പെണ്‍കുട്ടി നല്ല രീതിയില്‍ ചെറുത്ത് നിന്നിരുന്നു എന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ആക്രമണത്തിനിടെ പ്രതിയ്‌ക്ക് സാരമായി പരിക്കേറ്റിരുന്നു. പെണ്‍കുട്ടിയുടെ നഖം കൊണ്ട് ശരീരത്തിലെ വിവിധ ഭാഗങ്ങളിലാണ് പരിക്കേറ്റത്. എന്നാല്‍ നായ ഓടിച്ചപ്പോള്‍ വീണതാണ് എന്നാണ് പ്രതി വീട്ടുകാരോട് പറഞ്ഞത്. പ്രതിയുടെ ചെളി പറ്റിയ വസ്ത്രവും വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പിതാവിന്റെ സാന്നിധ്യത്തില്‍ പ്രതിയുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ഇന്റര്‍നെറ്റ് ദുരുപയോഗമാണ് കുറ്റകൃത്യത്തിന് പ്രേരണയായത് എന്നാണ് നിഗമനം. പ്രതിയ്‌ക്ക് മറ്റാരുടേയും സഹായം ലഭിച്ചിട്ടില്ല. കഴിഞ്ഞ ഒന്നരവര്‍ഷമായി ക്ലാസുകള്‍ ഓണ്‍ലൈനിലായതിനാല്‍ ഇന്റര്‍നെറ്റ് ഉപയോഗം കുട്ടികളെ എങ്ങനെ സ്വാധീനിച്ചെന്ന് പരിശോധിക്കണമെന്നും ജില്ലാ പോലീസ് മേധാവി ഓര്‍മ്മിപ്പിച്ചു. പരിക്കേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment

0 Comments