കണ്ണൂര്‍: പിതാവ് പുഴയില്‍ തള്ളിയിട്ട് കൊന്ന ഒന്നരവയസ്സുകാരി അന്‍വിതയുടെ മരണവാര്‍ത്തയില്‍ ഞെട്ടി പത്തായക്കുന്ന് ഗ്രാമം.പാത്തിപ്പാലത്തിനടുത്ത് പുഴയില്‍നിന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് കണ്ടെത്തിയ മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ശനിയാഴ്ച ഉച്ചയ്ക്കാണ് പത്തായക്കുന്ന് കനാലിനടുത്ത് അന്‍വിതയും അച്ഛന്‍ കെ.പി. ഷിജുവും അമ്മ സോനയും അമ്മമ്മയുമൊത്ത് താമസിച്ചിരുന്ന വാടകവീട്ടിലെത്തിച്ചത്. നാട്ടുകാര്‍ക്ക് ആര്‍ക്കും ഷിജുവിനെ കുറിച്ച് പരാതിയോ പരിഭവമോ ഇല്ല. എല്ലാവരുടേയും കണ്ണില്‍ നല്ല കുടുംബം. എന്നിട്ടും എങ്ങനെ ഇതു സംഭവിച്ചുവെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
സൗമ്യശീലനായ ഒരു യുവാവിന്റെ ചിത്രമാണ് തലശ്ശേരി കുടംംബകോടതി ജീവനക്കാരനായ ഷിജുവിനെക്കുറിച്ച് നാട്ടുകാര്‍ക്കുള്ളത്. കഷ്ടപാട് നിറഞ്ഞ കുടുംബത്തെ കൈപിടിച്ചുയര്‍ത്തിയ വ്യക്തി. രണ്ട് സഹോദരന്മാരും സഹോദരിയുമാണ് ഷിജുവിനുള്ളത്. ഈ കുടുംബത്തില്‍ നിന്ന് സര്‍ക്കാര്‍ ജോലി കിട്ടിയ പയ്യന്‍. ചേട്ടന്മാരുടെ വിവാഹം പോലും തന്റെ മുന്‍കൈയില്‍ നടത്തി. രണ്ട് കൊല്ലം മുമ്ബാണ് സോനയുമായുള്ള ഷിജുവിന്റെ വിവാഹം. തലശ്ശേരി കോടതിയിലും നാട്ടിലും അടുത്ത സുഹൃത്തുക്കളൊന്നും ഷിജുവിനില്ല. എല്ലാവരോടും സൗമ്യതയോടെ സംസാരിക്കുന്ന പയ്യന്‍ ആരുമായും അടുപ്പം സൂക്ഷിച്ചില്ല. അതുകൊണ്ട് തന്നെ എന്തായിരുന്നു ക്രൂരതയ്ക്ക് കാരണമെന്ന് ആര്‍്ക്കും അറിയില്ല.
നല്ല സാമ്ബത്തിക ഭദ്രതയുള്ള കുടുംബമാണ് സോനയുടേത്. അച്ഛന്‍ അദ്ധ്യാപകനായിരുന്നു. അമ്മയ്ക്ക് ചില മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു. ചികില്‍സയും തേടി. സോനയുടെ അച്ഛന്‍ അമ്മയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടായിരുന്നു ജോലിക്ക് പോയിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. 2018ലായിരുന്നു ഷിജുവും സോനയും തമ്മിലുള്ള വിവാഹം. അതു കഴിഞ്ഞ് ആറു മാസം കഴിഞ്ഞപ്പോള്‍ സോനയുടെ അച്ഛന്‍ മരിച്ചു. ആത്മഹത്യ ചെയ്തതാണെന്ന് നാട്ടുകാര്‍ പറയുന്നു. അതിന് ശേഷം കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കിയത് ഷിജുവായിരുന്നു.
സോനയുടെ ഇരുനില വീട് ഷിജു വാടകയ്ക്ക് കൊടുത്തു. അതിന് ശേഷം മറ്റൊരു വാടക വീട്ടിലേക്ക് മാറി. പുതിയ വീടും പണിയുന്നുണ്ടായിരുന്നു. 60 പവനാണ് കല്യാണ സമയത്ത് സോനയ്ക്ക് അച്ഛന്‍ സമ്മാനമായി കൊടുത്തത്. അതില്‍ 40 പവന്‍ പണയം വച്ചിരുന്നു. എന്നാല്‍ എല്ലാ തരത്തിലും സാമ്ബത്തിക ഭദ്രതയുള്ള സോന, ഭര്‍ത്താവുമായി ഇതേ ചൊല്ലി കലഹിക്കുന്നത് ആരും കണ്ടിട്ടില്ല. ഷിജുവും ആരോടും ഒന്നും പറഞ്ഞിരുന്നില്ല. മനസ്സിലെ വിഷമം പുകഞ്ഞ് ഷിജു നടത്തിയ ക്രൂരതയാണ് കുട്ടിയുടെ മരണത്തിലേക്ക് എത്തിയതെന്നാണ് നാട്ടുകാരുടെ സംശയം.
ഭാര്യ സോന ഈസ്റ്റ് കതിരൂര്‍ എല്‍.പി. സ്‌കൂള്‍ അദ്ധ്യാപികയാണ്. ഇവരുടെ ഇടയില്‍ അസ്വാരസ്യങ്ങളുള്ളതായി സംസാരമേയില്ല. പിന്നെയെന്തിനീ കടുംകൈ ചെയ്തുവെന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല. നാട്ടുകാരും ബന്ധുക്കളും അന്ത്യോപചാരമര്‍പ്പിച്ചശേഷം രണ്ടുമണിയോടെ മൃതദേഹം സോനയുടെ അമ്മയുടെ വീടായ പൊന്ന്യം പുല്യോടിയിലെ സുനിതാ നിവാസിലേക്ക് കൊണ്ടുപോയി സംസ്‌കരിച്ചു. കകളെ കൊന്ന കേസില്‍ തലശ്ശേരി കുടുംബക്കോടതി ജീവനക്കാരന്‍ പത്തായക്കുന്നിലെ കുപ്യാട്ട് കെ.പി. ഷിജുവിനെ (37) ആണ് ശനിയാഴ്ച ഉച്ചയ്ക്ക് മട്ടന്നൂരില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. മട്ടന്നൂര്‍ മഹാദേവ ക്ഷേത്രക്കുളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ചോദ്യംചെയ്യലില്‍ ഷിജു കുറ്റംസമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഈസ്റ്റ് കതിരൂര്‍ എല്‍.പി. സ്‌കൂള്‍ അദ്ധ്യാപികയായ ഭാര്യ സോന (25) യെയും മകള്‍ ഒന്നവരയസ്സുകാരി അന്‍വിതയെയുമാണ് ഇയാള്‍ പുഴയില്‍ തള്ളിയിട്ടത്. അന്‍വിത മുങ്ങിമരിച്ചു. സോനയെ സമീപവാസികള്‍ രക്ഷപ്പെടുത്തി. സംഭവശേഷം സ്ഥലത്തുനിന്ന് ഓടിപ്പോയ ഷിജു ഓട്ടോറിക്ഷയില്‍ മുത്താറിപ്പീടികയിലെത്തി അവിടെനിന്ന് കൂത്തുപറമ്ബ്, തലശ്ശേരി, കണ്ണൂര്‍, കോഴിക്കോട്, മാനന്തവാടി, ഇരിട്ടി തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് ശനിയാഴ്ച ഉച്ചയോടെ മട്ടന്നൂരിലെത്തുകയായിരുന്നു. ഭാര്യയുടെ മൊഴിപ്രകാരം വെള്ളിയാഴ്ചതന്നെ ഷിജുവിനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു.
ഭാര്യയെയും കുഞ്ഞിനെയും കൊലപ്പടുത്താന്‍ ദിവസങ്ങള്‍ക്കുമുന്‍പുതന്നെ ഷിജു തീരുമാനിച്ചതായി പൊലീസ് സംശയിക്കുന്നു. വെള്ളിയാഴ്ച ഭാര്യയും മകളുമൊത്ത് ക്ഷേത്രദര്‍ശനം നടത്തി തിരിച്ച് സന്ധ്യയോടെയാണ് ബൈക്കില്‍ പാത്തിപ്പാലം ചെക്ക് ഡാം പരിസരത്തെത്തിയത്. ബൈക്ക് കുറച്ചകലെ നിര്‍ത്തി പുഴയുടെ ഒഴുക്ക് കാണാമെന്ന് പറഞ്ഞ് ചെക്ക് ഡാമിലെത്തി. മകള്‍ അന്‍വിതയെയുമെടുത്ത് മുന്നില്‍ നടന്ന ഷിജു ഡാമിന്റെ മധ്യത്തിലെത്തിയപ്പോള്‍ മുണ്ട് അഴിച്ചുടുക്കട്ടെയെന്ന് പറഞ്ഞ് കുഞ്ഞിനെ ഭാര്യയുടെ കൈയില്‍ കൊടുത്തു. ഉടന്‍ രണ്ടുപേരെയും പുഴയില്‍ തള്ളിയിട്ടു. സോനയുടെ കൈയില്‍നിന്ന് തെറിച്ചുവീണ കുഞ്ഞ് ശക്തമായ ഒഴുക്കില്‍പ്പെട്ടു.
ചെക്ക് ഡാമിന്റെ വശങ്ങളില്‍ പിടിച്ചുനിന്ന സോനയെ ഷിജു തന്റെ ചെരിപ്പഴിച്ച് കൈയിലടിച്ച് പിടിവിടുവിച്ച് ഒഴുക്കില്‍പ്പെടുത്തുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട താന്‍ കുറച്ചകലെയുള്ള കൈതക്കാട്ടില്‍ പിടിച്ചുനില്ക്കുകയായിരുന്നുവെന്നും സോന പൊലീസിന് മൊഴി നല്‍കി. വെള്ളിയാഴ്ച രാവിലെ ഷിജുവിന്റെ ജ്യേഷ്ഠന്റെ മകന്റെ വിദ്യാരംഭച്ചടങ്ങില്‍ ഇയാളും ഭാര്യയും കുഞ്ഞും പങ്കെടുത്തിരുന്നു.
0 Comments