ദാരുണമായ മരണം, അതിയായ വേദനയും ദുഃഖവുമുണ്ട്, 11കാരന്‍ തെരുവുനായയുടെ ആക്രമണത്തില്‍ മരിച്ച സംഭവത്തില്‍ മന്ത്രി എംബി രാജേഷ്


 കണ്ണൂര്‍; കണ്ണൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ പതിനൊന്നു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് ദുഃഖം രേഖപ്പെടുത്തി. ദാരുണമായ മരണമാണു സംഭവിച്ചിരിക്കുന്നതെന്നും സംഭവത്തില്‍ അതിയായ വേദനയും ദുഃഖവുമുണ്ടെന്നും മന്ത്രി പറഞ്ഞു.

മുഴപ്പിലങ്ങാട് കെട്ടിനകത്തെ നിഹാലാണ് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ മരിച്ചത്. നേരത്തെ ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ വന്ധ്യംകരണ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന് നിര്‍ദേശിച്ചിരുന്നുവെന്നും എന്നാല്‍ പ്രാദേശികമായ എതിര്‍പ്പുകളെ തുടര്‍ന്ന് ഇത് ആരംഭിക്കാനായില്ലെന്നും മന്ത്രി പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകള്‍ പണംനീക്കിവച്ച് വന്ധ്യംകരണ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന് നിര്‍ദേശിച്ചിരുന്നുവെന്നും പ്രാദേശികമായ എതിര്‍പ്പുകളെ തുടര്‍ന്നാണ് തുടങ്ങാന്‍ കഴിയാതിരുന്നതെന്നും എംബി രാജേഷ് പറഞ്ഞു.

എന്നാല്‍ അപൂര്‍വ്വം ചില സ്ഥലങ്ങളില്‍ എതിര്‍പ്പുകളെ മറികടന്ന് വന്ധ്യംകരണ കേന്ദ്രം ആരംഭിക്കാന്‍ കഴിഞ്ഞു. എതിര്‍പ്പുകള്‍ നേരിട്ട് ഇവ തുടങ്ങാന്‍ സര്‍ക്കാര്‍ നടപടിയെടുക്കും.- എംബി രാജേഷ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു ദാരുണസംഭവം നടന്നത്.

വൈകീട്ടോടെ കുട്ടിയെ കാണാതായിരുന്നു. ഒഴിഞ്ഞ പറമ്പില്‍നിന്നും തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ബോധരഹിതനായ കുട്ടിയെ നാട്ടുകാരാണ് കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.



Post a Comment

0 Comments