കുഞ്ഞ് നിര്‍വാണിന് 11.6 കോടി സംഭാവന ചെയ്ത് അജ്ഞാത വ്യക്തി: ഇനി 1 കോടി കൂടി വേണം


 മണ്ണാര്‍ക്കാട്: അപൂര്‍വ ജനിതകരോഗം എസ്എംഎ ബാധിച്ച ഒന്നരവയസ്സുകാരന്‍ നിര്‍വാണിന് പിച്ച വച്ചുതുടങ്ങാന്‍ ഒരു കോടി കൂടി വേണം. നിര്‍വാണിന്റെ ചികിത്സക്കായി രൂപീകരിച്ച അക്കൗണ്ടിലേക്ക് 1.4 മില്യണ്‍ ഡോളര്‍ (ഏകദേശം 11.6 കോടി ഇന്ത്യന്‍ രൂപ) അജ്ഞാത വ്യക്തി സംഭാവന ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് അക്കൗണ്ടിലേക്ക് 1.4 മില്യണ്‍ ഡോളറിന്റെ സഹായം എത്തിയത്. നിര്‍വാണിന്റെ കുടുംബം തന്നെയാണ് പ്രതീക്ഷ നിറഞ്ഞുള്ള സന്തോഷം പങ്കിട്ടത്. മരുന്നിനുള്ള ഓര്‍ഡര്‍ നല്‍കുകയാണെന്നും അറിയിച്ചു. മരുന്ന് എത്തുമ്പോഴേക്കും ഒരു കോടി കിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

എസ്എംഎ ടൈപ്പ് 2 രോഗബാധിതനായ കുഞ്ഞിന് ഏഴ് മാസത്തിനകം കുത്തിവയ്പുവേണം. ഇതിനുവേണ്ടതാകട്ടെ ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ മരുന്നുകളിലൊന്നായ സോള്‍ജന്‍സ്മ. നിര്‍വാണ്‍ സാരംഗിന് ആരോഗ്യകരമായ ജീവിതം സാധ്യമാകാന്‍ ലോകമെമ്പാടുമുള്ള മലയാളികളുടെ കരുണതേടുകയാണ് മാതാപിതാക്കള്‍.

നിര്‍വാണ്‍ സാരംഗിനിപ്പോള്‍ പ്രായം 15മാസം. ഒരു വയസായിട്ടും കുഞ്ഞിന് നടക്കാനോ ഇരിക്കാനോ കഴിഞ്ഞില്ല. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ടൈപ്പ് ടു സ്ഥിരീകരിച്ചത്.

മുംബൈയില്‍ എന്‍ജിനീയര്‍മാരാണ് സാരംഗും ഭാര്യ അദിതിയും. മകന് എസ്എംഎ സ്ഥികരീച്ചതോടെ ജോലിയില്‍ നിന്ന് അവധിയെടുത്തിരിക്കുകയാണ്. പരിചരണത്തിനായി അദിതിയുടെ അങ്കമാലിയിലെ വീട്ടിലാണിപ്പോള്‍. മുംബൈ ഹിന്ദുജ നാഷണല്‍ ഹോസ്പിറ്റലില്‍ ആണ് ചികിത്സ.എസ്എംഎ ടൈപ്പ് 2 ആയതിനാല്‍ സോള്‍ജന്‍സ് കുത്തിവയ്പ് രണ്ട് വയസ് തികയും മുന്‍പ് നല്‍കണം. കുഞ്ഞിന്റെ നട്ടെല്ലിന് 19 ഡിഗ്രി വളവ് കണ്ടെത്തിയിട്ടുണ്ട്. ഒപ്പം മസിലുകള്‍ക്ക് നാള്‍ക്കുനാള്‍ ബലക്കുറവും ഏറുകയാണ്.

Post a Comment

0 Comments