സ്വന്തം കുടുംബത്തിന്റെ ഭാവി സുരക്ഷിമാക്കുവാൻ വേണ്ടി നാടും വീടും എല്ലാം ഉപേക്ഷിച്ച് അങ്ങ് അറബി നാട്ടിൽ രാപ്പകൽ ഇല്ലാതെ കഠിനാധ്വാനം ചെയ്‌ത് ഉള്ള സമ്പാദ്യം മുഴുവൻ നാട്ടിലേക്ക് അയക്കുന്ന ബാലേട്ടനെ പോലെയുള്ള ഓരോ പ്രവാസികളും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
ഗൾഫ് നാടിന്റെ അമ്പരപ്പിക്കുന്ന മായക്കാഴ്ചകൾ കാണുവാൻ അല്ല നാടും വീടും ഉപേക്ഷിച്ച് പലരും പ്രവാസി ജീവിതം സ്വീകരിക്കുന്നത്.അങ്ങേയറ്റം കഷ്ടപ്പാടങ്ങളും ദുരിതങ്ങളും അനുഭവിച്ച് അറബി നാട്ടിൽ കഷ്ടപ്പെടുന്നത് മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാനും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാനും വേണ്ടിയാണ്. ബാലേട്ടനെ പോലെയുള്ള ഒട്ടനവധി പ്രവാസികൾ നമുക്ക് ചുറ്റുമുണ്ട്. ഹൃദയം നുറുങ്ങുന്ന വേദനയോടെ അല്ലാതെ അവരെ ഓർക്കാൻ കഴിയില്ല. പ്രവാസ ജീവിതത്തിൽ ഉണ്ടാക്കിയ സമ്പാദ്യം എല്ലാം ഭാര്യക്കും മക്കൾക്കും കൊടുത്ത് ഒടുവിൽ ഈ ലോകത്തോട് വിട പറഞ്ഞപ്പോൾ അവരുടെ ശരീരം ഏറ്റെടുക്കാൻ പോലും കുടുംബം തയ്യാറാകാതെ വരുന്നു.
മകനെയും മകളെയും പഠിപ്പിക്കുവാൻ വേണ്ടി അങ്ങേയറ്റം കഷ്ടപ്പാടുകളും ദുരിതം അനുഭവിച്ച ഒരു മനുഷ്യനായിരുന്നു ബാലേട്ടൻ. മകളുടെ വിവാഹത്തിന് സ്വർണം വാങ്ങാനായി കുറിക്ക് ചേരുകയും ഏതോ ജ്വല്ലറിയിൽ ക്യാഷ് അടക്കുകയും ചെയ്തിരുന്നു അദ്ദേഹം. ഒരു മെൻസ് സലൂണിലെ സ്റ്റാഫ് ആയിരുന്നു ബാലേട്ടൻ. അവിടെ ജോലി ചെയ്തുകൊണ്ട് നിന്നപ്പോഴായിരുന്നു കാലിൽ നീര് പോലെ വന്നത്. പെട്ടെന്ന് ശരീരമാസകലം കുമിളകൾ പോലെ വന്നു.
ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു ദേഹം മുഴുവൻ ഇൻഫെക്ഷൻ ആയി എന്നറിയുന്നത്. കിഡ്നി പ്രവർത്തിക്കുന്നില്ല എന്ന് ഡോക്ടർമാർ പറഞ്ഞു. ആരോഗ്യകരമായ ഭക്ഷണം ഒന്നും കഴിക്കാതെ ഉള്ളതെല്ലാം മക്കൾക്ക് വേണ്ടി സ്വരുക്കൂട്ടി വെച്ച ഒരു പാവം മനുഷ്യൻ. ഒടുവിൽ വെന്റിലേറ്ററിൽ ആണെന്ന് ഭാര്യയെ വിളിച്ചു പറഞ്ഞപ്പോൾ അവരുടെ മറുപടി കേട്ട് അവിടെയുള്ളവരുടെ എല്ലാം ഹൃദയം നുറുങ്ങി. തൊട്ടടുത്ത് ഷാർജയിൽ ഉള്ള മകന്റെ നമ്പർ ചോദിച്ചപ്പോൾ എന്തോ ഒഴിവു കഴിവ് പറഞ്ഞ് ആ അമ്മ ഫോൺ കട്ടാക്കി.
ബാലേട്ടന്റെ മകളുടെ ഫോണിലേക്ക് നൂറു വട്ടം വിളിച്ചെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ല. പിന്നീട് അദ്ദേഹത്തിന്റെ സഹോദരങ്ങളെ വിളിച്ച് വിവരങ്ങൾ അറിയിക്കുകയും കണ്ണൂരിലെ അദ്ദേഹം പറഞ്ഞ ഓർമ്മവച്ച് മറ്റൊരു ജോലിക്കാരൻ നാട്ടിലെ അദ്ദേഹത്തിന്റെ പരിചയക്കാരെ വിളിച്ച് വിവരങ്ങൾ അറിയിക്കുകയും ആയിരുന്നു. മക്കളും ഭാര്യയും ഒന്നും അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം വേണ്ടെന്നു പറഞ്ഞപ്പോൾ 95 വയസ്സുള്ള ബാലേട്ടന്റെ അച്ഛൻ, മറ്റാർക്ക് വേണ്ടെങ്കിലും എനിക്ക് വേണം എന്ന് പറഞ്ഞു.
ദൂരെ എവിടെയോ ജോലി ചെയ്ത പെങ്ങളുടെ മകൻ ഷാർജയിൽ വന്ന് എല്ലാ നടപടിക്രമങ്ങളും ഏറ്റെടുത്തു നടത്തി. അങ്ങനെ ബാലേട്ടന്റെ ബോഡി നാട്ടിലേക്ക് കൊണ്ടു പോയി. പോലീസ് സ്റ്റേഷൻ വഴിയും പഞ്ചായത്ത് വഴിയും ഭാര്യയെയും മക്കളെയും ബന്ധപ്പെട്ടുവെങ്കിലും അവർക്ക് ബോഡി വേണ്ടെന്ന് പറഞ്ഞു. എല്ലാ വേദനകളും കഷ്ടപ്പാടുകളും ഒരു പുഞ്ചിരി കൊണ്ട് മറച്ച് എപ്പോഴും അധ്വാനിച്ചു കൊണ്ടിരുന്ന ബാലേട്ടൻ ഈ ലോകത്തോട് വിട പറഞ്ഞപ്പോൾ സഹപ്രവർത്തകർക്കും പരിചയക്കാർക്കും ഉണ്ടായിരുന്ന വിഷമം പോലും ആ കുടുംബത്തിന് ഉണ്ടായിരുന്നില്ല എന്ന് ഞെട്ടലോടെയാണ് അവർ മനസ്സിലാക്കിയത്.
തൊട്ടടുത്ത ഷോപ്പിൽ നിന്നും ഒരു പഴം മാത്രം രാത്രി വാങ്ങിച്ചു കഴിക്കുമായിരുന്ന ബാലേട്ടനോട് എന്തിനാണ് ഇങ്ങനെ പിശുക്കുന്നത് എന്ന് പലരും കളിയാക്കുമായിരുന്നു. അപ്പോൾ ഒക്കെ മകളുടെ വിവാഹമാണെന്നും അതിനു സ്വർണം വാങ്ങാൻ ആണ് ഇങ്ങനെ പിശുക്കുന്നത് എന്നും അദ്ദേഹം പറയുമായിരുന്നു. ഇങ്ങനെയെല്ലാം സ്നേഹിച്ചും കരുതിയും ബാലേട്ടൻ പടുത്ത് ഉയർത്തിയ കുടുംബത്തിന് ഇന്ന് അദ്ദേഹത്തിനെ വേണ്ട.
ഇതിൽ നിന്നും ഓരോരുത്തരും പഠിക്കേണ്ട വലിയൊരു പാഠം ഉണ്ട്. കുടുംബത്തിനോടുള്ള സ്നേഹം കാരണം ഒരിക്കലും നമ്മൾ നമുക്ക് വേണ്ടി ജീവിക്കാൻ മറന്നു പോകരുത്. നമ്മുടെ ആരോഗ്യം മറന്ന് ഭക്ഷണം കഴിക്കാതെ അവരുടെ സന്തോഷത്തിനു വേണ്ടി രാപ്പകലില്ലാതെ ജീവിക്കുമ്പോൾ ഇതിനിടയിൽ നമ്മുടെ സന്തോഷം കണ്ടെത്താൻ മറക്കരുത്. ബാലേട്ടന് ആദരാഞ്ജലികൾ നേർന്നുകൊണ്ടുള്ള ഈ കുറിപ്പ് ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
0 Comments