തിരുവനന്തപുരം: ഫണ്ട് ഇല്ലെന്നും പറഞ്ഞ് കണ്ടില്ലെന്ന് നടിക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. കാടുപിടിച്ച് കിടന്ന ജനറല്‍ ആശുപത്രി സ്വയം ശുചീകരിച്ച് വെള്ള പൂശി നാടിന്റെ മുഖഛായ തന്നെ മാറ്റിമറിച്ച് ആര്‍എംഒയും സഹപ്രവര്‍ത്തകരും മാതൃകയായി.
നെയ്യാറ്റിന്‍കരയിലാണ് മാതൃകാപരമായ സംഭവം അരങ്ങേറുന്നത്. നാടിന്റെ സ്വന്തം ജനറല്‍ ആശുപത്രി കാടുപിടിച്ച് കിടക്കാന്‍ തുടങ്ങിയിട്ട് കുറേക്കാലമയി. കാട് വെട്ടിത്തളിച്ച് ആശുപത്രി പരിസരം ഒന്ന് വൃത്തിയാക്കാന്‍ ഫണ്ട് ഇല്ലാത്തതിനാല്‍ കൂലിക്ക് ആളെ നിര്‍ത്തി ചെയ്യിക്കാന്‍ കഴിയുന്നില്ലായിരുന്നു.
ഒടുവില്‍ ആശുപത്രിയും പരിസരവും വൃത്തിയാക്കാന്‍ ആര്‍എംഒയും സഹപ്രവര്‍ത്തകരും തന്നെ മുന്നിട്ടിറങ്ങി. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി ആര്‍എംഒ ദീപ്തിയുടെ നേതൃത്വത്തിലാണ് ആശുപത്രിയിലെ പിആര്‍ഒ സംഘം ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നത്. ആശുപത്രിയെ ശുചീകരിച്ച് സംസ്ഥാനത്തെതന്നെ ഏറ്റവും നല്ല മാതൃകാ ആശുപത്രിയാക്കണമെന്നതാണ് ഇവരുടെ ലക്ഷ്യം.
ഫണ്ടിന്റെ അഭാവം മൂലം ആശുപത്രിയുടെ പെയിന്റിങ്ങ് ജോലിയും ജീവനക്കാര്‍ തന്നെ സ്വയം ഏറ്റെടുക്കുകയായിരുന്നു. പെയിന്റും മറ്റ് സാമഗ്രികള്‍ക്കുമുള്ള സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയതും ജീവനക്കാര്‍ തന്നെയാണ്. ഏതാണ്ട് മൂന്നാഴ്ചയില്‍ അധികമായി ജീവനക്കാര്‍ തങ്ങളുടെ ആശുപത്രി നവീകരണത്തിലാണ്.
കെട്ടിടത്തിന്റെ പെയിന്റിങ്ങ് മാത്രമല്ല, അതോടെപ്പം കാടുമൂടിയ സ്ഥലത്ത് പൂന്തോട്ടവും ബയോ പാര്‍ക്ക് ഉള്‍പ്പെടെയുള്ള മറ്റ് അനുബന്ധ പരിപാടികള്‍ക്കുള്ള തയ്യാറെടുപ്പും പുരോഗമിക്കുന്നുണ്ട്.
കാടു മൂടി, പൊടി പിടിച്ച്, മാറാല മൂടിക്കിടക്കുന്ന ആശുപത്രിയെന്ന പേര് ദോഷം മാറ്റി, ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡായ കായകല്‍പ്പ നേടിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.
0 Comments