കോട്ടയം: വിടാതെ ഓരോ ദുരന്തങ്ങളായി പിന്തുടര്‍ന്നെത്തി സംക്രാന്തി മടക്കുമുകള്‍ വീടിനെ തളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. നാലുവര്‍ഷം മുമ്പ് വാഹാനാപകടത്തില്‍ സിറാജുദ്ദീന് പരിക്കേറ്റതിന് പിന്നാലെ സ്വകാര്യ ബസ്സപകടം സഹോദരന്‍ ഷാജിയുടെ ജീവന്‍ കവര്‍ന്നു.
കഴിഞ്ഞ ദിവസമായിരുന്നു മടക്കുമുകള്‍ വീട്ടിലെ കുടുംബനാഥന്‍ വി. ഷാജി ഉസ്മാന്‍ (54) വാഹനാപകടത്തില്‍ മരിച്ചത്. പഴം പച്ചക്കറികള്‍ ഉന്തുവണ്ടിയില്‍ കൊണ്ടുനടന്നു വില്‍പന നടത്തുന്നതായിരുന്നു ഷാജിയുടെ തൊഴില്‍. അടിച്ചിറയിലും മറ്റും പോയി ഗാന്ധിനഗര്‍ വഴി വീട്ടിലേക്കു മടങ്ങും വഴി ‘ആവേ മരിയ’ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷാജി മരിച്ചത്. ഇതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചു. ഷാജിയുടെ തുച്ഛമായ വരുമാനം കൊണ്ടായിരുന്നു കുടുംബം ജീവിച്ചത്. രാവിലെ 6നു കച്ചവടത്തിനു പോകും. ഗാന്ധിനഗര്‍ മെഡിക്കല്‍ കോളജ് റോഡിലും അടിച്ചിറയിലുമായി വിവിധ സ്ഥലങ്ങളിലായിരുന്നു കച്ചവടം.
ദിവസക്കൂലിക്ക് പണി ചെയ്തു വരികയായിരുന്നു. ഉന്തുവണ്ടിയും സ്വന്തമായിരുന്നില്ല. ഷാജിയെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വന്നു കണ്ടതല്ലാതെ പിന്നീട് ബസ് ജീവനക്കാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് കുടുംബം പറയുന്നു. ഷാജിയുടെ സഹോദരന്‍ സിറജുദ്ദീനും നാല് വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു.റോഡരികില്‍ ബൈക്ക് പാര്‍ക്ക് ചെയ്യവേ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഒന്നര വര്‍ഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു. ഇപ്പോള്‍ വീട്ടിലും ചികിത്സ തുടരുകയാണ്. സിറാജുദ്ദീന്റെയും ഷാജിയുടെയും കുടുംബം ഒരുവീട്ടിലാണ് കഴിയുന്നത്.
0 Comments