നാല് ആടുകള്‍ മാത്രം സമ്പാദ്യം, കൈയ്യില്‍ കിടക്കുന്നത് 5 ലക്ഷത്തിന്റെ വാച്ച്: ബിജെപി നേതാവിനെ വിമര്‍ശിച്ച് തമിഴ്നാട് മന്ത്രി


 ചെന്നൈ: വെറും നാല് ആടുകള്‍ മാത്രമെന്ന് അവകാശപ്പെടുന്ന ബിജെപി നേതാവ് ധരിക്കുന്നത് അഞ്ച് ലക്ഷം രൂപയുടെ വാച്ചെന്ന് തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജി. ബിജെപി നേതാവ് അണ്ണാമലയെയാണ് മന്ത്രി രൂക്ഷമായി വിമര്‍ശിച്ചത്. 

വില കൂടിയ വാച്ച് ധരിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.കയ്യിലണിഞ്ഞിരിക്കുന്ന വാച്ച് വാങ്ങിയതിന്റെ രസീത് കാണിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് സെന്തില്‍ ബാലാജി ബിജെപി നേതാവിനെ വെല്ലുവിളിച്ചത്. ഇതിനു പിന്നാലെ മറുപടിയുമായി ബിജെപിയും രംഗത്തെത്തി. ഇതോടെ ഇരുപാര്‍ട്ടികള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.

ഏകദേശം അഞ്ച് ലക്ഷം രൂപ വിലമതിപ്പുള്ള ബെല്‍ ആന്‍ഡ് റോസ് ലിമിറ്റഡ് എഡിഷന്‍ റാഫേല്‍ വാച്ചാണ് അണ്ണാമലൈ ധരിച്ചിരുന്നത്. ഫ്രഞ്ച് കമ്പനിക്ക് വേണ്ടി നിര്‍മ്മിച്ച 500 പീസുകളുള്ള റാഫേല്‍ വാച്ചിന് ഒന്നിന് അഞ്ച് ലക്ഷം രൂപയാണ്. വെറും നാല് ആടുകള്‍ മാത്രമുള്ളെന്ന് അവകാശപ്പെടുന്ന ഒരാളാണ് ഈ വാച്ച് ധരിച്ചതെന്നാണ് സെന്തില്‍ ബാലാജിയുടെ ആരോപണം. വാച്ച് വാങ്ങിയതിന്റെ രസീത് പങ്കുവെക്കാന്‍ അദ്ദേഹത്തിന് കഴിയുമോയെന്നും ഡിഎംകെ നേതാവ് ചോദിച്ചു.

മന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അണ്ണാമലയും രംഗത്തെത്തി. ‘ ഈ വാച്ച് കളക്ടേഴ്സ് എഡിഷന്‍ ആണ്. നമ്മള്‍ ഇന്ത്യക്കാരല്ലാതെ മറ്റാര്‍ക്കാണ് ഈ വാച്ച് വാങ്ങാന്‍ കഴിയുക? റാഫേല്‍ യുദ്ധവിമാനങ്ങളുടെ ഭാഗങ്ങള്‍ ഉപയോഗിച്ചാണ് ഈ വാച്ച് നിര്‍മ്മിച്ചിരിക്കുന്നത്. റാഫേല്‍ വിമാനങ്ങളുടെ കടന്നു വരവോടെയാണ് നമ്മുടെ യുദ്ധനിയമങ്ങള്‍ മാറിയതും നമുക്ക് നേട്ടങ്ങള്‍ ഉണ്ടായതും.’ എന്നായിരുന്നു അണ്ണാമലയുടെ വിശദീകരണം. ഈ വാച്ച് മരണം വരെ തന്റെ കൂടെ ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പനി നിര്‍മ്മിച്ച 500 വാച്ചുകളില്‍ 194-ാമത്തെ പീസ് ആണെന്നും അണ്ണാമലൈ വാദിച്ചു.

Post a Comment

0 Comments