മുരുകാനന്ദം!, വിശപ്പകറ്റാൻ കേരളത്തിലെത്തി; വളർത്തച്ഛന്റെ കൈപിടിച്ച് കതിർമണ്ഡപത്തിലും


 സീതത്തോട് ∙ കോരിച്ചൊരിയുന്ന മഴക്കിടെ പണ്ട് ഒരു കടയിലെ മേശപ്പുറത്തു കിടന്നുകണ്ട ജീവിതസ്വപ്നങ്ങൾ യാഥാർഥ്യമാകുമെന്നു മുരുകാനന്ദം മനസ്സിൽ പോലും വിചാരിച്ചു കാണില്ല. 

വളർത്തച്ചന്റെ കൈപിടിച്ച് കതിർമണ്ഡപത്തിലേക്കു കാലെടുത്തു വച്ച മുരുകന്റേതു(30) പോലുള്ള ജീവിതം അഭ്രപാളിയിൽ പോലും ആരെങ്കിലും കണ്ടിരിക്കാനും സാധ്യത നന്നേ കുറവ്. ആങ്ങമൂഴിക്കാരുടെ സാക്ഷാൽ ‘മുരുക’നായ മുരുകാനന്ദന്റെ വരവ് മാവേലിൽ കുടുംബത്തിനു നൽകിയത് സൗഭാഗ്യങ്ങൾ മാത്രം, ഒപ്പം മുരുകനും.


∙ ബാല്യകാലത്തെ സ്കൂൾ ജീവിതം...


കടുത്ത പട്ടിണിയിൽ നിന്നും രക്ഷനേടാൻ ഒരു മാർഗവും ഇല്ലാതിരുന്ന തിരുനൽവേലി വള്ളംകോട്ട സ്വദേശി മുരുകാനന്ദത്തിന്റെ സ്കൂൾ കാലഘട്ടത്തിൽ നിന്നാണ് അവിശ്വസനീയമായ ആ ജീവിതകഥയുടെ തുടക്കം. പിതാവ് ഉപേക്ഷിച്ചതിനെ തുടർന്ന് കരിങ്കൽമടയിൽ ചുമട്ടുതൊഴിലാളിയായി മാറിയ മാതാവ് സരോജവും ഇളയ സഹോദരൻ പെരുമാളും അടങ്ങുന്ന കുടുംബത്തിൽ മിക്ക ദിവസവും പട്ടിണി മാത്രമായിരുന്നു. ഒരു മിഠായി തിന്നാൻ പോലും കൊതിച്ചു കാത്തിരുന്ന ബാല്യം. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ജോലി തേടി സ്വന്തം കാലിൽ തന്നെ നിൽക്കണമെന്ന ആഗ്രഹത്തിൽ ക്ലാസുകൾക്ക് പലപ്പോഴും അവധി നൽകി പൂനുള്ളാൻ പോയ ബാല്യകാലത്തിന്റെ ഓർമകൾ പറയുമ്പോൾ അറിയാതെയാണെങ്കിലും മുരുകന്റെ കണ്ണ് നിറയും.


വീട്ടിലെ പ്രാരാബ്ധങ്ങൾക്കിടയിൽ എങ്ങനെ പഠിക്കുമെന്ന ആശങ്ക ചെറുപ്പം മുതൽക്കേ മുരുകനെ അലട്ടിയിരുന്നു. എങ്ങനെയും ഒരു ജോലി നേടണമെന്ന ആഗ്രഹമായിരുന്നു ആ കുഞ്ഞുമനസ്സിൽ. മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലം. എല്ലാ ബുധനാഴ്ചയും കൃത്യമായി ക്ലാസിൽ പോകും. അന്നു മാത്രമേ സ്കൂളിൽ ഉച്ചയ്ക്കു മുട്ട ലഭിക്കൂ. അത് ഭക്ഷിക്കാമെന്ന ആഗ്രഹത്തിൽ എന്ത് കഷ്ടപ്പാടു വന്നാലും ബുധനാഴ്ചത്തെ ക്ലാസ് മുടക്കില്ല.


∙ ആ യാത്രയുടെ തുടക്കം...


മുരുകന്റെ കൂട്ടുകാരനും അയൽവാസിയുമായ ഭാസ്ക്കരന് അന്ന് കേരളത്തിൽ ജോലി കിട്ടിയതായി വീട്ടിൽ പറഞ്ഞ് കേട്ടിരുന്നു. അതോടെ തനിക്കും കേരളത്തിൽ ഒരു ജോലി ശരിപ്പെടുത്തി തരാൻ ഭാസ്ക്കരന്റെ പിതാവ് രവിയോടു മുരുകൻ ചട്ടംകെട്ടി. അങ്ങനെയിരിക്കെ ഒരു ദിവസം സന്ധ്യാസമയം ആയപ്പോൾ രവി, മുരുകനെ തേടി വീട്ടിൽ എത്തി.


കേരളത്തിൽ ശബരിമലയ്ക്കടുത്ത് ആങ്ങമൂഴിയിൽ ഒരു ഹോട്ടലിൽ ജോലി തരപ്പെടുത്തിയെന്നും പോകാൻ താൽപര്യം ഉണ്ടെങ്കിൽ അന്നു രാത്രി തന്നെ ട്രെയിൻ കയറണമെന്നും പറഞ്ഞു. പഠിത്തം പോയാലും വേണ്ടില്ല ഒരു നേരമെങ്കിലും ‘പശിക്കിതില്ലാതെ’ (വിശപ്പ്) കഴിയാമല്ലോ. പിന്നെ ഒന്നും ആലോചിച്ചില്ല. പകൽ സ്കൂളിൽ പോയ വെളുത്ത ഷർട്ടും കറുത്ത നിക്കറും ഉള്ള യൂണിഫോമിൽ തന്നെ ഒരു തോർത്ത് കൂടി എടുത്തു. രാത്രി തിരുനൽവേലി റെയിൽവേ സ്റ്റേഷനിൽ നിന്ന് ചെങ്ങന്നൂരിലേക്കു ട്രെയിൻ കയറി. യാത്രയിൽ ജോലി സ്വപ്നങ്ങൾ മാത്രമായിരുന്നു മനസ്സിൽ.


റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ തന്നെ അസഹനീയമായ വിശപ്പ്. രവി ഒരു ഓംലറ്റ് വാങ്ങി നൽകി (ആദ്യമായാണ് ഓംലറ്റ് കഴിച്ചതും). വെളുപ്പിനെ തന്നെ ചെങ്ങന്നൂരിൽ നിന്നും പത്തനംതിട്ടയിലേക്കു ബസ് കയറി. അവിടെ നിന്നും നേരെ ആങ്ങമൂഴിയിലേക്ക്.


∙ ആദ്യ ജോലി...


ആങ്ങമൂഴി ജംക്‌ഷനിലെ ഹോട്ടലിലായിരുന്നു ജോലി ക്രമീകരിച്ചിരുന്നത്. വന്നപ്പോൾ തന്നെ കൂട്ടുകാരൻ ഭാസ്ക്കരനെ കണ്ടതോടെ ആശ്വാസമായി. ജോലികൾ ഏതു വിധമാണെന്നു ഹോട്ടലുടമ മുരുകനു കാണിച്ചു നൽകി. ചായ ഗ്ലാസ് എടുക്കുക, മേശ വൃത്തിയാക്കുക, വെള്ളം കൊടുക്കുക തുടങ്ങി ചിന്ന, ചിന്ന ജോലികൾ മാത്രം. പരിശീലനം പൂർത്തിയാക്കി ഭാസ്ക്കരനൊപ്പം സമീപ കടയിലെ മേശപ്പുറത്ത് ഇരുവരും കിടക്കാൻ പോയി. നല്ല തണുപ്പ്. പുതയ്ക്കാൻ മറ്റ് മാർഗം ഒന്നും ഇല്ല. മേശപ്പുറത്ത് വിരിച്ച ചണച്ചാക്കിൽ നിന്നുള്ള ചൂടാണ് ഏക ആശ്വാസം. ഇതിനിടെ പെയ്തു തുടങ്ങിയ മഴ രാവെളുക്കുവോളം തുടർന്നു. രാവിലെ തന്നെ കുളിച്ച് ഉഷാറായി മുരുകൻ ജോലിക്കായി കടയിൽ ചെന്നു. തൽക്കാലം ജോലിക്കു മുരുകനെ വേണ്ട. ആൾക്ക് വേണ്ടത്ര പൊക്കമോ വലുപ്പമോ ഇല്ല. ഇതാണ് ജോലി തെറിക്കാൻ കാരണം. ഏറെ പ്രതീക്ഷകളുമായി കേരളത്തിലേക്കുള്ള യാത്രയ്ക്ക് അവസാനമായി എന്നു ചിന്തിച്ച നിമിഷങ്ങൾ.


∙ ബസ് കാത്തുനിൽക്കുമ്പോൾ മാറിയ തലവര


തിരികെ നാട്ടിലേക്കു പോകാനായി ആങ്ങമൂഴി ജംക്‌ഷനിൽ മാവേലിൽ ഷൈലുവിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഷനറി കടയ്ക്കു സമീപം രവിക്കൊപ്പം രാവിലെ തന്നെ നിലയുറപ്പിച്ചു. മൂഴിയാറിൽ നിന്ന് വരുന്ന കാട്ടാക്കട കെഎസ്ആർടിസി ബസ് കാത്ത് നിൽക്കുമ്പോഴാണ് ഒരു സഹായിയെ എത്തിച്ച് തരാമോയെന്ന് ആ കടയുടമ ഷൈലു മുൻപു ചോദിച്ച കാര്യം രവി ഓർക്കുന്നത്. ഉടൻ തന്നെ മുരുകനെ ഷൈലുവിനെ കാണിച്ചു. അവൻ ഇവിടെ നിന്നോട്ടെ. ഞാൻ നോക്കി കൊള്ളാം. രവി ബസ് കയറി നാട്ടിലേക്കു മടങ്ങി.


രാത്രി കടയടച്ച് വീട്ടിലെത്തിയ ഷൈലുവിനൊപ്പം ഒൻപതു വയസ്സ് മാത്രം പ്രായമുള്ള മുരുകാനന്ദവും ഉണ്ടായിരുന്നു. 2000ലെ നബിദിന രാത്രിയിലാണ് ഷൈലുവിനൊപ്പം മുരുകൻ വീട്ടിലെത്തുന്നതെന്ന് ഷൈലുവിന്റെ ഭാര്യ സ്മിത ഓർത്തെടുക്കുന്നു. ഭക്ഷണം നൽകി സ്മിത മുരുകാനന്ദത്തിനെ മൂത്തമകനായി ഒപ്പം കൂട്ടി. വീട്ടിൽ തന്നെ ഊണും ഉറക്കവും. പകൽ സമയം വീടിനു സമീപത്തെ കടയിൽ ഷൈലുവിനു ഭക്ഷണമായി പോകണം. സ്റ്റേഷനറി കടയാണ്. ചെയ്യാവുന്ന ചെറിയ ജോലികൾ ചെയ്തു സഹായിച്ചു. വളർത്തച്ഛനായ ഷൈലു മുരുകനു ഷൈലു അണ്ണനും പോറ്റമ്മയായ സ്മിത മുരുകനു ചേച്ചിയുമാണ് അന്നു മുതൽ ഇന്നുവരേയും.


പിന്നീടുള്ള നീണ്ട 22 വർഷം. ചെറിയ കുട്ടിയായ മുരുകാനന്ദത്തിന്റെ പേര് ഷൈലു ആദ്യമേ തന്നെ മാറ്റി. മുരുകൻ എന്നാക്കി. വീടിനു സമീപത്തെ സ്കൂളിൽ ചേർക്കാമെന്ന് പറഞ്ഞെങ്കിലും മുരുകൻ താൽപര്യം കാണിച്ചില്ല. ഇതിനിടെ ഷൈലുവിന്റെ മകൾ അഭിരാമിയെ എൽകെജി ക്ലാസിൽ ചേർത്തു. വൈകിട്ട് അഭിരാമിക്കൊപ്പം മുരുകനും മലയാളം പഠിച്ച് തുടങ്ങി. പോറ്റമ്മയായ സ്മിതയായിരുന്നു അധ്യാപിക. എഴുത്തും വായനയും ഹൃദിസ്ഥമാക്കിയ മുരുകൻ നാട്ടിലും വീട്ടിലും ഏവരുടേയും കണ്ണിലുണ്ണിയായി.

Post a Comment

0 Comments