ക്ഷേത്രത്തില്‍ തൊഴുത് നില്‍ക്കവേ വീട്ടമ്മയുടെ മാല മോഷണം പോയി.പട്ടാഴി ദേവി ക്ഷേത്രത്തിലാണ് സംഭവം അരങ്ങേറിയത്.എന്നാല്‍ മാല മോഷണം പോയതിന്റെ വിഷമത്തില്‍ പൊട്ടിക്കരഞ്ഞ വീട്ടമ്മയ്ക്ക് രണ്ടു സ്വര്‍ണ വളകള്‍ ഊരി നല്‍കി ഒരു സ്ത്രീ.കൊട്ടാരക്കര മൈലം പള്ളിക്കല്‍ മുകളില്‍ മങ്ങാട് വീട്ടീല്‍ സുഭദ്ര എന്ന അറുപത്തിയേഴുകാരിയുടെ മാാലയാണ് ക്ഷേത്ര സന്നിധിയില്‍ വെച്ച് മോഷണം പോയത്.
കശുവണ്ടി തൊഴിലാളിയാണ് സുഭദ്ര. ക്ഷേത്ര സന്നിധിയില്‍ തൊഴുത് നില്‍ക്കവേയാണ് രണ്ടു പവന്റെ മാല മോഷണം പോയത്. കരഞ്ഞുനിലവിളിച്ച സുഭദ്രയുടെ അടുത്തേക്ക് ഒരു സ്ത്രീയെത്തുകയായിരുന്നു. തുടര്‍ന്ന് തന്റെ കയ്യില്‍ കിടന്ന രണ്ടു വളകള്‍ ഊരി നല്‍കുകയായിരുന്നു. ഒറ്റകളര്‍ സാരി ധരിച്ച കണ്ണട വച്ച സ്ത്രീ പിന്നെ ആള്‍ക്കൂട്ടത്തിലേക്ക് മറഞ്ഞു പോയി.അവരെ പിന്നെ കണ്ടെത്താനായില്ല.’അമ്മ കരയണ്ട. ഈ വളകള്‍ വിറ്റ് മാല വാങ്ങി ധരിച്ചോളൂ. മാല വാങ്ങിയ ശേഷം ക്ഷേത്രത്തില്‍ എത്തി പ്രാര്‍ഥിക്കണം’ വള ഊരി നല്‍കിയ ശേഷം സുഭദ്രയോട് ആ സ്ത്രീ പറഞ്ഞത് ഇങ്ങനെയാണ്.
രണ്ടു പവനോളം വരുന്ന വളയാണ് നല്‍കിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ക്ഷേത്രഭാരവാഹികള്‍ക്ക് സ്ത്രീയെ കണ്ടെത്തനായില്ല.ഒരു നാട് മുഴുവന്‍ ആ നന്മയുടെ പ്രതിരൂപമായ സ്ത്രീയെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഭര്‍ത്താവ് കെ.കൃഷ്ണന്‍കുട്ടി ആചാരിയോടൊപ്പം സുഭദ്ര വീട്ടിലേക്ക് മടങ്ങി. കശുവണ്ടി തൊഴിലാളിയായ സുഭദ്ര ഏറെ ആഗ്രഹിച്ച് വാങ്ങിയ മാലയാണ് മോഷണം പോയത്.
സുഭദ്രയ്ക്ക് വളകള്‍ നല്‍കിയ സ്ത്രീയെ കണ്ടെത്തി ആദരിക്കാനാണ് നാട് തീരുമാനിച്ചിരിക്കുന്നത്. പട്ടാഴി ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് ഭാരവാഹികള്‍. മാല പോയ സംഭവത്തില്‍ കുന്നിക്കോട് പൊലീസും അന്വേഷണം ആരംഭിച്ചു.സുഭദ്ര പറയുന്നത് പോലെ കറുത്ത കണ്ണട ധരിച്ച സ്ത്രീ ക്യാമറ ദൃശ്യങ്ങളിൽ വ്യക്തമാണ്.കാഴ്ചയ്ക്ക് കുറവ് ഉണ്ടെന്ന് തോന്നിക്കുന്ന സ്ത്രീ മറ്റൊരു സ്ത്രീയുടെ സഹായത്തിലാണ് സുഭദ്രയ്ക്ക് അരികിലേക്ക് എത്തുന്നതും.മൈലത്തെ വീട്ടിൽ എത്തി പട്ടാഴി ദേവീ ക്ഷേത്ര ഭാരവാഹികൾ ക്യാമറ ദൃശ്യങ്ങൾ സുഭദ്രയെ കാണിച്ച് ഉറപ്പു വരുത്തി.ഉപദേശക സമിതി ഭാരവാഹികളായ രഞ്ജിത് ബാബു, ആർ വിജയരാജൻപിള്ള, മധുസൂദനൻപിള്ള എന്നിവരുടെ നേതൃത്വത്തിലാണ് എത്തിയത്.
0 Comments