വെന്റിലേറ്ററില്‍ നിന്നും പ്രിയതമനെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന് അരുണിമ; ഒടുവില്‍ പ്രണയ സാക്ഷാത്കാരം


 

പ്രണയത്തിന്റെ തീവ്രതയില്‍ വെന്റിലേറ്ററില്‍ നിന്നും ജീവിതത്തിലേക്ക് നടന്നുവന്നയാളാണ് റെമോ ബെഞ്ചമിന്‍ പീറ്റര്‍. പ്രണയത്തിന്റെ സാന്ദ്രത അവനില്‍ ചൊരിഞ്ഞത് കോഴിക്കോട്ടുകാരി അരുണിമയും. അരുണിമയുടെയും റെമോയുടെയും ജീവിതകഥ പ്രതീക്ഷകള്‍ അവസാനിക്കുന്നില്ല എന്ന ബോധ്യം നമ്മളില്‍ വരുത്തുന്ന തരത്തിലുള്ളതാണ്. 

കോഴിക്കോട്ടെ പ്രാദേശിക ചാനലായ കെസിഎല്ലിന്റെ കാമറാമാനാണ് റെമോ ബെഞ്ചമിന്‍ പീറ്റര്‍. ഇവിടേറ്റ് ജേര്‍ണലിസ്റ്റ് ട്രെയിനി ആയാണ് അരുണിമ കടന്ന് വരുന്നത്. പതിയെ പതിയെ അവരുടെ സൗഹൃദം പ്രണയത്തിലേക്ക് വഴുതി മാറുകയായിരുന്നു.

റെമോയുടെ അമ്മയ്ക്ക് അരുണിമയെ ഏറെ ഇഷ്ടമായിരുന്നു. ഈസ്റ്റ്ഹില്ലിൽ ഗൃഹപ്രവേശനത്തിനെത്തിയ അരുണിമയെ ആ അമ്മ ബന്ധുക്കൾക്കെല്ലാം പരിചയപ്പെടുത്തി കൊടുത്തിരുന്നു. അർബുദ ബാധിതയായ അമ്മയുടെ വിയോഗം പെട്ടന്നായിരുന്നു.ഇതിനിടെ അരുണിമയ്ക്ക് വിവാഹാലോചനകൾ വന്നുതുടങ്ങിയപ്പോൾ റെമോയുടെ കാര്യം വീട്ടിലറിയിച്ചു. വീട്ടുകാരും സമ്മതം മൂളി. 2021 മാർച്ച് 15ന് വിവാഹനിശ്ചയം നടത്തി.എന്നാല്‍ ആ സന്തോഷത്തിന് അധികം ആയുസ്സ് ഇല്ലായിരുന്നു. വിവാഹ നിശ്ചയത്തിന് ഭക്ഷണം പാകം ചെയ്യാന്‍ കൊണ്ടുവന്ന പാത്രങ്ങള്‍ തിരികെ നല്‍കാന്‍ സുഹൃത്തിനൊപ്പം റെമോ പോയി. ക്രിസ്ത്യന്‍ കോളേജ് ജംഗ്ഷനില്‍ എത്തിയപ്പോള്‍ ഇവരുടെ ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു. ബോധമറ്റു കിടന്ന ഇരുവരേയും നാട്ടുകാര്‍ ഓടിക്കൂടി ആശുപത്രിയിലെത്തിച്ചു.

റെമോയ്ക്ക്‌ ശ്വാസകോശത്തിനു ചതവ്, വൃക്ക തകരാർ, ഇടുപ്പിൽ രക്തം കട്ടപിടിക്കൽ തുടങ്ങി പന്ത്രണ്ടോളം ഗുരുതര പ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. വെന്റിലേറ്ററിൽ അനക്കമില്ലാതെ റെമോ രണ്ടുമാസത്തോളം കിടന്നു.എല്ലാ ദിവസവും മുടങ്ങതെ രാവിലെത്തന്നെ അരുണിമ റെമോയ്ക്കരികില്‍ എത്തുമായിരുന്നു. റെമോ കണ്ണ് തുറക്കുന്നതും സംസാരിക്കുന്നതും പ്രതീക്ഷിച്ച് കൊണ്ട്…തന്റെ പ്രണയം തന്നിലേക്ക് തന്നെ എത്തുമെന്ന ഉറച്ച വിശ്വാസം അവളിലുണ്ടായിരുന്നു.

വാർഡിലേക്ക് മാറ്റിയെങ്കിലും ഓർമശക്തി തിരികെക്കിട്ടാൻ പിന്നെയും സമയമെടുത്തു. വീട്ടിലേക്ക് മാറ്റിയെങ്കിലും റെമോ കിടപ്പിലായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനായ അച്ഛനും ബംഗളൂരുവിൽ ജോലി ചെയ്യുന്ന അനിയത്തിയുമാണ് റെമോയ്ക്കുള്ളത്. അരുണിമ എന്നും രാവിലെ വീട്ടിലെത്തും. റെമോയെ ആഹാരം കഴിപ്പിക്കുകയും കുളിപ്പിക്കുകയുമൊക്കെ ചെയ്യും. പ്രസ്ക്ലബിലെ സുഹൃത്തുക്കളും കോളജിലെ സഹപപാഠികളും അധ്യാപകരുമൊക്കെ പിന്തുണയും സഹായവുമായി അവര്‍ക്കൊപ്പം ചേര്‍ന്നു. അരുണിമയുടെ സ്‌നേഹത്തിലും കരുതലിലും തണലിലും ജീവിതത്തിലേക്ക് റെമോ നടന്ന് കയറി. ശനിയാഴ്ച 11നും 12നുമിടയിലെ ശുഭമുഹൂര്‍ത്തത്തില്‍ പുതിയറയിലെ ഓഡിറ്റോറിയത്തില്‍ വെച്ച് എല്ലാവരേയും സാക്ഷിയാക്കി അവര്‍ വിവാഹിതരായി.

Post a Comment

0 Comments