ന്യൂഡല്‍ഹി: രാജ്യത്തിന് അതിന്റേതായ ഇഷ്ടാനുസൃതവും അതുല്യവുമായ ആയുധ സംവിധാനം കൈവശമുണ്ടെങ്കില്‍ മാത്രമേ യുദ്ധത്തില്‍ അതിശയകരമായ മേല്‍ക്കൈ കൈവരിക്കാനാവൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
പ്രതിരോധ ബജറ്റിന് മുന്നോടിയായുള്ള സെമിനാറില്‍ ‘പ്രതിരോധത്തിലെ ആത്മനിര്‍ഭരത’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധ മേഖലയിലെ കോര്‍പ്പറേറ്റ് വിഭാഗത്തോട് അവരുടെ ശ്രമങ്ങള്‍ ത്വരിതപ്പെടുത്താനും അദ്ദേഹം ആവശ്യപ്പെട്ടു.
‘രാജ്യത്തിന് അതിന്റേതായ ഇഷ്ടാനുസൃതവും അതുല്യവുമായ ആയുധ സംവിധാനം ഉണ്ടായിരിക്കണം എന്നതാണ് സുരക്ഷയുടെ അടിസ്ഥാന തത്വം. എങ്കില്‍ മാത്രമേ അത് നിങ്ങളെ സഹായിക്കൂ,’ മോഡി പറഞ്ഞു. കൂടുതല്‍ ആയുധസംവിധാനങ്ങളുടെ ഇറക്കുമതി നിരോധിക്കുന്നതിനുള്ള പട്ടിക ഉടന്‍ പ്രതിരോധ മന്ത്രാലയം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
‘പത്ത് രാജ്യങ്ങള്‍ക്ക് ഒരേ രീതിയിലുള്ള പ്രതിരോധ സംവിധാനങ്ങളാണുള്ളതെങ്കില്‍, സേനകള്‍ തമ്മില്‍ വ്യത്യാസമുണ്ടാകില്ല. രാജ്യത്ത് സ്വന്തമായി ആയുധങ്ങള്‍ വികസിപ്പിച്ചെങ്കില്‍ മാത്രമേ അതുല്യമായതും അപ്രതീക്ഷിതവുമായ ഘടകങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കൂ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിരോധ ബജറ്റില്‍ 70 ശതമാനം ഫണ്ടും ആഭ്യന്തര സംഭരണത്തിനായി നീക്കിവച്ചിട്ടുണ്ടെന്നും മോഡി ചൂണ്ടിക്കാട്ടി.’തയ്യാറെടുക്കാന്‍ ഒരു മാസമുണ്ട്, വേഗത്തില്‍ പ്രവര്‍ത്തിക്കണം, അങ്ങനെ ഏപ്രില്‍ 1 മുതല്‍ തന്നെ കാര്യങ്ങള്‍ മുന്നോട്ട് നീങ്ങും, ”അദ്ദേഹം പറഞ്ഞു.ഏപ്രില്‍ ഒന്ന് മുതല്‍ ബജറ്റ് പ്രായോഗികമാക്കാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കണമെന്നും മോഡി പ്രതിരോധ മേഖലയോട് പറഞ്ഞു.
0 Comments