കോവിഡ് മൂന്നാം തരംഗം വലിയ അപകടമുണ്ടാക്കാതെ കടന്നുപോകുകയാണ്. ജനജീവിതം സാധാരണ നിലയിലേക്ക് ആവുകയാണ്, വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയ്യേറ്ററുകളുമെല്ലാം സാധാരണമാവുകയാണ്. അതിനിടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
ജൂണ്‍ മാസത്തോടെ നാലാം തരംഗം ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പുകള്‍ വരുന്നത്. കോവിഡ് 19 നാലാമത്തെ തരംഗം 2022 ജൂണ്‍ 22 മുതല്‍ ആരംഭിച്ച് 2022 ഓഗസ്റ്റ് 23 ന് അതിന്റെ ഉച്ചസ്ഥായിയിലെത്തുകയും 2022 ഒക്ടോബര്‍ 24ന് അവസാനിക്കുകയും ചെയ്യുമെന്നും ഗവേഷകര്‍ വ്യക്തമാക്കി. നാലാമത്തെ തരംഗം ഉയര്‍ന്നുവന്നാല്‍ അത് കുറഞ്ഞത് നാല് മാസമെങ്കിലും നീണ്ടുനില്‍ക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു.
എന്നാല്‍ എത്രത്തോളം രൂക്ഷമാകുമെന്നത് കോവിഡിന്റെ ഏത് വകഭേദമാണ് വ്യാപിക്കുക എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എത്ര പേര്‍ വാക്‌സിന്‍ സ്വീകരിച്ചു, എത്ര പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ലഭിച്ചു തുടങ്ങിയ കാര്യങ്ങളും പ്രധാനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലെ മൂന്നാം തരംഗം ഏതാണ്ട് കാണ്‍പൂര്‍ ഐഐടിയുടെ പ്രവചനം പോലെയാണ് സംഭവിച്ചത്. ഐഐടി കാണ്‍പൂരിലെ മാത്തമാറ്റിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലെ ശബര പര്‍ഷാദ് രാജേഷ്ഭായ്, സുബ്ര ശങ്കര്‍ ധര്‍, ശലഭ് എന്നിവര്‍ ചേര്‍ന്നാണ് ഗവേഷണം നടത്തിയത്.
ഇന്ത്യയില്‍ ആദ്യം കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന്റെ (2020 ജനുവരി 30) 936ാം ദിവസം നാലാമത്തെ തരംഗം എത്തുമെന്നാണ് സ്ഥിതിവിവര കണക്കുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കോവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്ന സമയത്താണ് ഇങ്ങനെ ഒരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
അടുത്ത കോവിഡ്-19 വേരിയന്റ് 2 വ്യത്യസ്ത രീതികളില്‍ ഉയര്‍ന്നുവരുമെന്ന് മറ്റൊരു ഗവേഷണം തെളിയിച്ചിട്ടുണ്ട്. പുതിയ വേരിയന്റിന് മുമ്പ് തിരിച്ചറിഞ്ഞതിനേക്കാള്‍ കാഠിന്യം കുറവായിരിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ല എന്നും ഗവേഷകര്‍ ഊന്നിപ്പറഞ്ഞു.
ഈ വര്‍ഷം കോവിഡ് അവസാനിക്കാനാണ് സാധ്യത കൂടുതലെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. അതേസമയം, 2019നു മുന്‍പുള്ള സ്ഥിതിയിലേക്ക് ഉടന്‍ മടങ്ങാനാകില്ലെന്ന് അവര്‍ പറയുന്നു. ഈ വര്‍ഷം അവസാനത്തോടെ മഹാമാരിയില്‍ നിന്ന് കരകയറാനാകുമെന്നാണ് കരുതുന്നത്.
കൊറോണ വൈറസിന്റെ ആരോഗ്യപരമായ ആഘാതങ്ങള്‍ നമ്മള്‍ മറികടക്കും. മറ്റു ശ്വാസകോശ വൈറസുകളുടെ പോലെ അതിനോടൊപ്പം ജീവിക്കാന്‍ പഠിക്കുമെന്നും സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി.
പുതിയ വകഭേദങ്ങളെ കുറിച്ച് വളരെ ജാഗ്രത പുലര്‍ത്തുക. അപ്പോള്‍ നമുക്ക് ആഗോളതലത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട നിരീക്ഷണ സംവിധാനം ഉണ്ടാകു. കൂടാതെ മാസക് ധരിക്കുന്നത് തുടരുക. സാധാരണ പനി ബാധിച്ചിട്ടുള്ള സമയങ്ങളില്‍ പോലും മാസ്‌ക് ധരിക്കുന്നത് നല്ലതാണെന്നും അവര്‍ പറഞ്ഞു.
0 Comments