'മറ്റൊരാളും എന്നെപ്പോലെ കഷ്ടപ്പെടുന്നുണ്ടാകില്ല... അന്നും ഇന്നും ദുഖമാണ്'; കെപിഎസി ലളിത

 


എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള നടിയാണ് കെപിഎസി ലളിത. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളി മനസിൽ ചേക്കേറിയ കെപിഎസി ലളിത 50 വർഷത്തിലധികമായി കലാ ജീവിതത്തിൽ നിന്നും മാത്രം വരുമാനം കണ്ടെത്തി ജീവിക്കുന്ന പ്രതിഭയാണ്. 

നെടുമുടി വേണുവിനെ പോലെ തന്നെ പ്രായത്തിൽ കവിഞ്ഞ വേഷങ്ങൾ പോലും മനോഹരമായി ഇന്നും കെപിഎസി ലളിത ചെയ്ത് ഫലിപ്പിക്കും. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിനാകട്ടുള്ള കെപിഎസി ലളിത ജീവൻ നൽകിയിട്ടുള്ള നിരവധി കഥാപാത്രങ്ങൾ മലയാള സിനിമയിലുണ്ട്.

നാടകത്തിൽ നിന്നാണ് ലളിത സിനിമയിലേക്ക് എത്തിയത്. പക്വതയോടെയാണ് ലളിത ഓരോ കഥാപാത്രത്തെയും സ്ക്രീനിൽ എത്തിക്കുന്നതും പ്രേക്ഷകനിലേക്ക് പകർന്ന് നൽകുന്നത്. ലളിത ചെയ്തതിൽ ഏത് കഥാപാത്രമാണ് മികച്ചത് എന്ന് ചോദിച്ചാൽ പോലും കണ്ടുപിടിക്കാൻ ബുദ്ധിമുട്ടായിരിക്കും നമുക്ക് അത്രയേറെ കൈയ്യടക്കത്തോടെയും ഭാവപ്രകടനങ്ങളിലൂടെയുമാണ് അവർ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നത്. അടുത്തിടെയെല്ലാം വാർത്തകളിൽ നിറഞ്ഞത് കെപിഎസി ലളിതയുടെ ചികിത്സാ ചെലവായിരുന്നു. സർക്കാർ നടിയുടെ ചികിത്സാ ചെലവ് വഹിക്കണമെന്ന് ചിലർ ആവശ്യപ്പെട്ടപ്പോൾ മറ്റ് ചിലർ അതിനെതിരെ സംസാരിച്ചു.

നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള സമ്പന്നയായ അഭിനേത്രിയുടെ ചിലവ് എന്തിന് സർക്കാർ വഹിക്കണം എന്നതായിരുന്നു പ്രധാനമായും വിമർശിച്ചവർ ഉന്നയിച്ച പ്രധാന ചോദ്യം. ഇപ്പോൾ കെപിഎസി ലളിത മനോരമയ്ക്ക് നൽകിയ ഒരു അഭിമുഖം ഇപ്പോൾ വീണ്ടും വൈറലാവുകയാണ്. കെപിഎസി ലളിതയുടെ സമ്പാദ്യത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നപ്പോഴാണ് വീണ്ടും താരത്തിന്റെ പഴയ അഭിമുഖം പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ലളിതയുടെ ഭർത്താവും പ്രസിദ്ധനായ സംവിധായകനുമായ ഭരതൻ മരിച്ച ശേഷം ജീവിതം കരുപിടിപ്പിക്കാനും മക്കളുടെ പഠനവും ജീവിത ചെലവ് മുമ്പോട്ട് കൊണ്ടുപോകാൻ നടത്തിയ കഷ്ടപ്പാടുകളെ കുറിച്ചുമാണ് ലളിത അഭിമുഖത്തിൽ പറയുന്നത്.

തന്നെ പോലെ കഷ്ടപെട്ടിട്ടുള്ള ഒരാളും സിനിമ ലോകത്തിൽ ഉണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും നാളത്തേക്ക് എങ്ങനെയാണ് എന്ന് ചിന്തിക്കുന്ന ജീവിത അവസ്ഥയിലാണ് ഇപ്പോഴും താൻ ഉള്ളതെന്നുമാണ് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ലളിത പറയുന്നത്. 1978ൽ ആയിരുന്നു ഭരതനുമായുള്ള ലളിതയുടെ വിവാഹം. വിവാഹശേഷം കുറച്ചുനാൾ സിനിമയിൽ നിന്നും വിട്ടുനിന്നു. പിന്നീട് 1983ൽ കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിലൂടെയാണ് തിരികെ എത്തിയത്. പിന്നീട് ഭർത്താവ് ഭരതന്റെ പെട്ടന്നുള്ള മരണം വരുത്തിയ ആഘാതം മൂലം സിനിമ ഉപേക്ഷിച്ച് പോയി. ശേഷം 1999ൽ സത്യൻ അന്തിക്കാടാണ് വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലൂടെ ലളിതയെ അഭിനയത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഭർത്താവിന്റെ മരണശേഷം ജീവിതം അവസാനിച്ചപോലെയായിരുന്നുവെന്നും വരുമാനം എല്ലാ നിലച്ച് മുന്നോട്ട് എങ്ങനെ ജീവിക്കും എന്ന് ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥ ഉണ്ടായിരുന്നുവെന്നുമാണ് കെപിഎസി ലളിത പറയുന്നത്.

'വലിയവനെ മല പോലെ വളർത്തുകയും, അല്ലാത്തവനെ ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്നത് ഈശ്വരന് അവരെ ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല. ഈശ്വരന് അത് കാണാൻ ഇഷ്ടമാണ്. എന്നെ ഈശ്വരന് കൂടുതൽ ഇഷ്ടമാണ്. ഞാൻ കരയുന്നത് കാണാനാണ് അദ്ദേഹത്തിന് കൂടുതൽ താത്പര്യം. ഞാൻ അങ്ങനെ വിചാരിക്കാറുണ്ട് ഒത്തിരി പറഞ്ഞതിന് ശേഷമേ എന്റെ കാര്യം നടക്കുകയൊള്ളൂ. എന്നെ ഒരുപാട് കരയിപ്പിച്ചതിന് ശേഷമേ ഭഗവാൻ എനിക്ക് സന്തോഷം തരികയൊള്ളൂ. എനിക്ക് വേദന കൂടുതൽ കൂടുതൽ തരാനാണ് ഞാൻ ഭഗവാനോട് പറയുക. വീട്ടിൽ എന്നെ പത്ത് ദിവസത്തിൽ കൂടുതൽ പണി ഇല്ലാതെ ഭ​ഗവാൻ ഇരുത്താറില്ല. നമ്മൾ ഒരു ആർട്ടിസ്റ്റാണ്. എനിക്ക് അറിയാവുന്നത് അഭിനയം മാത്രമാണ്. ഞാൻ സിദ്ധാർഥ് ആശുപത്രിയിൽ കിടക്കുമ്പോൾ തന്നെ ചാർലിയിൽ രണ്ട് ദിവസം പോയി അഭിനയിച്ചു. കാര്യങ്ങൾ നടക്കണ്ടേ. ഭർത്താവിന്റെ മരണ ശേഷം ഞാൻ ആകെ ബ്ലാങ്കായി പോയി. എന്റെ മക്കൾ ആ സമയം വല്ലാതെ പേടിച്ച് പോയി. സ്ഥലം വിൽക്കാനായി തീരുമാനിച്ച ശേഷം അതിന്റെ അഡ്വാൻസ് വാങ്ങിയാണ് അന്ന് ഞങ്ങൾ ചിലവ് നടത്തികൊണ്ടിരുന്നത്. സത്യൻ അന്തിക്കാട് വീണ്ടും ചില വീട്ടുകാര്യങ്ങളിൽ അഭിനയിക്കാൻ വിളിക്കുമ്പോൾ എനിക്ക് അഭിനയിക്കാൻ ആകില്ല എന്ന തോന്നൽ ആയിരുന്നു. എങ്കിലും ആളുകളുടെ നിർബന്ധം കൊണ്ടാണ് ഞാൻ അഭിനയിക്കാൻ പോയത്. ഇപ്പോഴും അതൊക്കെ ആലോചിക്കുമ്പോൾ തലക്ക് പെരുപ്പാണ്' കെപിഎസി ലളിത പറഞ്ഞു.

എല്ലാത്തരത്തിലും സന്തോഷത്തേക്കാൾ ഏറെ ജീവിതത്തിൽ ദുഖമാണ് ഉണ്ടായിട്ടുള്ളതെന്നും കെപിഎസി ലളിത പറയുന്നു. ജീവിതത്തിന്റെ 25 ശതമാനം മാത്രമാണ് സന്തോഷം നിറഞ്ഞതായി ഉണ്ടായിരുന്നതെന്നും കെപിഎസി ലളിത പറഞ്ഞു. ഓർമവെച്ച കാലം മുതൽ എപ്പോഴും കൂടെയുണ്ടായിരുന്നത് ദുഖം മാത്രമായിരുന്നുവെന്നും കെപിഎസി ലളിത പറയുന്നു. ​ഗുരുതരമായ കരൾരോ​ഗത്തെ തുടർന്നായിരുന്നു കെപിഎസി ലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ​ഗുരുതരാവസ്ഥയിലായിരുന്ന താരത്തെ നിരവധി ചികിത്സകൾക്ക് ശേഷമാണ് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. കരൾ മാറ്റിവെക്കൽ മാത്രമാണ് ശാശ്വത പരിഹാരമായി ഡോക്ടർമാർ നിർദേശിച്ചത്. ഇതിന്റെ ഭാരിച്ച ചിലവ് പോലും ലളിതയ്ക്ക് ഇന്ന് ബാധ്യതയായിരിക്കുകയാണ്. ലളിതയെപ്പോലുള്ള അസാമാന്യ പ്രതിഭകൾ നമ്മുടെ സമൂഹത്തിൽ കുറവാണെന്നും അതിനാൽ തരത്തിന്റെ ജീവിൻ രക്ഷിക്കാനാവശ്യമായത് ബന്ധപ്പെട്ടവർ ചെയ്യണമെന്നുമാണ് സിനിമയെ സ്നേഹിക്കുന്നവർ ആവശ്യപ്പെടുന്നത്.

Post a Comment

0 Comments