ഇതുവരെ സ്റ്റൈലിഷ് വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന നടൻ ജിനു ജോസഫിന്റെ വ്യത്യസ്തമായൊരു രൂപവും സംസാര രീതിയുമെല്ലാമാണ് ഭീമന്റെ വഴി എന്ന സിനിമയിൽ കാണാൻ സാധിക്കുന്നത്.
കൊസ്‌തേപ്പ് എന്ന ഒരു തനിനാടന്‍ കഥാപാത്രമാണ് ഭീമന്റെ വഴിയിൽ ജിനു ജോസഫിന് ലഭിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനെ നായകനാക്കി അഷ്റഫ് ഹംസ സംവിധാനം ചെയ്‍ത ഭീമന്‍റെ വഴി തിയേറ്ററുകളില്‍ പ്രദർശനം ആരംഭിച്ച് കഴിഞ്ഞു. തമാശ എന്ന വിജയചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ അഷ്റഫിന്‍റെ രണ്ടാം ചിത്രമാണിത്. ചെമ്പന്‍ വിനോദ് ജോസിന്‍റേതാണ് ചിത്രത്തിന്‍റെ തിരക്കഥ. ഒരു പ്രധാന കഥാപാത്രത്തെയും ചെമ്പന്‍ അവതരിപ്പിച്ചിട്ടുണ്ട്.
കേരളത്തില്‍ 109 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. മോശമില്ലാത്ത പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. തമാശയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടി ചിന്നു ചാന്ദ്‍നിയാണ് ചിത്രത്തില്‍ നായിക. വിന്‍സി അലോഷ്യസ്, നിര്‍മ്മല്‍ പാലാഴി എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഗിരീഷ് ഗംഗാധരനാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചെമ്പോസ്‍കി മോഷന്‍ പിക്ചേഴ്സ്, ഒപിഎം സിനിമാസ് എന്നീ ബാനറുകളില്‍ ചെമ്പന്‍ വിനോദ് ജോസും റിമ കല്ലിങ്കലും ആഷിക് അബുവും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.
പേരിൽ തന്നെ വ്യത്യസ്തത പുലർത്തുന്ന ഭീമന്റെ വഴിയിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ചും പതിനഞ്ച് വർഷത്തിലധികമായ സിനിമാ ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുകയാണ് നടൻ ജിനു ജോസഫ്. 2007ൽ ബിഗ് ബിയിലൂടെയായിരുന്നു ജിനുവിന്റെ തുടക്കം. സിനിമയെ ആഗ്രഹിച്ച് സിനിമയിലേക്ക് എത്തിയതല്ലെന്നും അമൽ നീരദാണ് ബിഗ് ബിയിലേക്ക് അവസരം നൽകിയതെന്നും ജിനു പറയുന്നു. തന്നെ ആദ്യം കണ്ടപ്പോൾ ഒരു കില്ലറുടെ ശരീര പ്രകൃതിയാണ് എന്നാണ് അമൽ പറഞ്ഞതെന്നും ജിനു പറയുന്നു. ആദ്യ സിനിമ ബിഗ് ബിയാണെന്ന് പലർക്കും അറിയില്ലെന്നും. ബിഗ് ബിയിൽ അഭിനയിച്ചിട്ടുണ്ടെന്ന് പറയുമ്പോൾ പലരും വിശ്വസിക്കാതെ വന്നതോടെയാണ് വീണ്ടും സിനിമകളിൽ അഭിനയിക്കാമെന്ന് തീരുമാനിച്ചതെന്നും ജിനു പറയുന്നു.
ഇതുവരെ ചെയ്തത് കോട്ടും സ്യൂട്ടും ധരിച്ചുള്ള വേഷങ്ങളും സിഇഒ പോലുള്ളവയും ആണെന്നും അതിൽ നിന്നെല്ലാം മാറി വ്യത്യസ്തമായ ഒരു വേഷം ചെയ്യാൻ ലഭിച്ചത് ഭീമന്റെ വഴിയിൽ ആണെന്നും അതിൽ സന്തോഷമുണ്ടെന്നും ജിനു ജോസഫ് പറയുന്നു. ചെമ്പൻ വിനോദ് അടക്കമുള്ളവർ സഹായിച്ചിരുന്നുവെന്നും ജിനു പറയുന്നു. കുഞ്ചാക്കോ ബോബനെ നേരത്തെ പരിജയമുണ്ടെന്നും വൈറസ് അടക്കമുള്ള സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചതിനാൽ ഷൂട്ടിങ് എളുപ്പമായിരുന്നുവെന്നും ജിനു പറഞ്ഞു. ഭാഷ കൈകാര്യം ചെയ്യുമ്പോൾ ബുദ്ധമുട്ട് നേരിട്ടിരുന്നുവെന്നും എന്നാൽ ഭീമന്റെ വഴി ചിത്രീകരണം കഴിഞ്ഞപ്പോൾ ഒരു പരിധി വരെ ഭാഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നീക്കാൻ സാധിച്ചുവെന്നും ജിനു പറഞ്ഞു.
വിവാഹജീവിതത്തെ കുറിച്ചും ഏക മകനെ കുറിച്ചും ജിനു പറഞ്ഞു. 'ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. ബാംഗ്ലൂരിൽ വെച്ചാണ് ലിയയെ ആദ്യം കണ്ടത് പിന്നീട് പലപ്പോഴും ഞങ്ങൾ കണ്ടുമുട്ടി. എല്ലാവർക്കും പ്രശ്നമായിരുന്നത് എനിക്ക് അവളെക്കാൾ പതിനാല് വയസ് കൂടുതലാണ് എന്നതായിരുന്നു. ഞങ്ങൾ ഒരു വർഷത്തോളം ലിവിങ് ടുഗെതറായിരുന്നു ശേഷമാണ് വിവാഹിതരായത്. ഇപ്പോൾ മാർക്ക് എന്നൊരു മകൻ കൂടിയുണ്ട്. അവനൊപ്പമാണ് ഇന്ന് ജീവിതം ആഘോഷിക്കുന്നത്' ജിനു ജോസഫ് പറഞ്ഞു. കേരള കഫേ, അൻവർ, റാണി പദ്മിനി, ട്രാൻസ്, വൈറസ്, അഞ്ചാം പാതിര, സിഐഎ, വികടകുമാരൻ എന്നിവയാണ് ജിനുവിന്റെ ചില പ്രധാന സിനിമകൾ.
0 Comments