അപകടകരം എന്ന് പേരുകേട്ട ചെടിയാണ് ബ്രഗ്മാന്‍സിയ(brugmansia). അവയില്‍ സ്കോപോളമൈന്‍ എന്നറിയപ്പെടുന്ന ആല്‍ക്കലോയിഡ് അടങ്ങിയിട്ടുണ്ട്.
കൊളംബിയയില്‍, പ്രത്യേകിച്ച് അതിന്റെ മയക്കുമരുന്ന് തലസ്ഥാനമായ മെഡെലിനില്‍ യാത്ര ചെയ്യുമ്ബോള്‍ വഴിയരികില്‍ ഇതിന്റെ ചെടി പൂത്ത് നില്‍ക്കുന്നത് കണ്ടേക്കാം. ബെല്ലാകൃതിയിലുള്ള ഇതിന്റെ പൂക്കള്‍ അറിയാതെപോലും മണക്കാന്‍ ശ്രമിക്കരുത്. കാഴ്ച്ചയില്‍ മനോഹരമായി തോന്നുന്ന ഇത് എന്നാല്‍ അങ്ങേയറ്റം അപകടകാരിയാണ്.
അതിന്റെ ശാസ്ത്രീയ നാമം ഹയോസിന്‍ എന്നാണ്. ചെടിയുടെ വിത്തുകള്‍ പൊടിച്ചെടുത്താണ് മയക്കുമരുന്ന് ഉണ്ടാക്കുന്നത്. ബുറുണ്ടംഗ എന്നും ഇതറിയപ്പെടുന്നു. കൊളംബിയയിലെ കുറ്റവാളികള്‍ ഇരകളെ കീഴ്‌പ്പെടുത്താന്‍ ഇത് ഉപയോഗിക്കുന്നുവെന്നും പറയപ്പെടുന്നു. മയക്കുമരുന്ന് അകത്തുചെന്ന വ്യക്തിയ്ക്ക് ഓര്‍മ്മയും, സ്വതന്ത്ര ഇച്ഛാശക്തിയും നഷ്ടപ്പെടുന്നു. ഇതോടെ അവര്‍ പൂര്‍ണ്ണമായും കുറ്റവാളികളുടെ വരുതിയ്ക്ക് കീഴിലാകും. ഇരകള്‍ക്ക് തങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഒരു നിയന്ത്രണവും ഉണ്ടാകില്ല. ബലാത്സംഗത്തിനും, കവര്‍ച്ചയ്ക്കും കുറ്റവാളികള്‍ ഉപയോഗിക്കുന്ന ഇത് നിങ്ങളെ ദിവസങ്ങളോളം അബോധാവസ്ഥയിലാക്കിയേക്കാം. കൂടാതെ വളരെ ഉയര്‍ന്ന അളവില്‍ കഴിച്ചാല്‍ മരണം വരെ സംഭവിക്കാം. കൊളംബിയയില്‍ പ്രതിവര്‍ഷം ഇത്തരത്തിലുള്ള 50,000 കേസുകള്‍ വരെയാണ് രേഖപ്പെടുത്തുന്നത്. ഇനി രേഖപ്പെടുത്തപ്പെടാതെ പോകുന്നത് ചിലപ്പോള്‍ അതിലും കൂടുതലാകും.
ഈ മരുന്ന് തലച്ചോറിലെ ന്യൂറോ ട്രാന്‍സ്മിറ്ററുകളെ തടയുകയും, നമ്മുടെ ഓര്‍മ്മശക്തിയെ കുറച്ച് നേരത്തേയ്ക്ക് മരവിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ സ്കോളോപോളമൈന്‍ എന്ന മരുന്നിന്റെ സ്വാധീനത്തില്‍ നിങ്ങള്‍ക്ക് എന്ത് സംഭവിച്ചാലും അത് നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കില്ല. എങ്ങനെയാണ് ആക്രമിക്കപ്പെട്ടതെന്നോ, നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ കാലിയായതെങ്ങനെയെന്നോ നിങ്ങള്‍ക്ക് ഓര്‍മിക്കാന്‍ കഴിയില്ല. ഈ ഓര്‍മ്മക്കുറവ് കാരണം ഇരയുടെ കഥ പൊലീസ് വിശ്വസിച്ചേക്കില്ല. രുചിയും ഗന്ധവുമില്ലാത്ത ഈ മരുന്ന് പലപ്പോഴും ബാറുകളില്‍ മറ്റും വച്ച് പാനീയങ്ങളിലോ, ഭക്ഷണത്തിലോ ചേര്‍ത്താണ് ഇരകള്‍ക്ക് നല്‍കുന്നത്. ഇത് നിങ്ങളുടെ രക്തപ്രവാഹത്തില്‍ നാല് മണിക്കൂര്‍ മാത്രമായിരിക്കും ഉണ്ടാവുക. ഈ കാരണം കൊണ്ട് തന്നെ ഇത് കണ്ടെത്തുന്നത് ഏതാണ്ട് അസാധ്യമാണ്.
ഇരയെ കണ്ടാല്‍ പ്രത്യക്ഷത്തില്‍ അയാള്‍ മരുന്നിന്റെ സ്വാധീനത്തിലാണെന്ന് ചുറ്റുമുള്ളവര്‍ക്ക് മനസ്സിലാകില്ല എന്നതാണ് മറ്റൊരു പേടിപ്പെടുത്തുന്ന കാര്യം. നമ്മളില്‍ ഒരാളെ പോലെ സാധാരണമായിട്ടായിരിക്കും ആ വ്യക്തിയും പെരുമാറുന്നത്. എന്നാല്‍ അയാള്‍ ഒരു ഹിപ്നോട്ടിക് അവസ്ഥയിലായിരിക്കുമെന്നത് കുറ്റവാളിയ്ക്ക് മാത്രമായിരിക്കും അറിയുക. കുറ്റവാളിയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുന്ന സ്വതന്ത്രയിച്ഛയില്ലാത്ത, ഓര്‍മ്മയില്ലാത്ത ഒരാളാകും ഇരയപ്പോള്‍. മുന്‍പ് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയായ (സിഐഎ) സംശയമുള്ളവരെ ചോദ്യം ചെയ്യാന്‍ സ്കോപൊളാമൈന്‍ ഉപയോഗിച്ചിരുന്നു. കൂടാതെ, നൂറ്റാണ്ടുകളായി സ്വദേശികളായ തെക്കേ അമേരിക്കക്കാര്‍ ഈ ചെടി ആത്മീയ ആചാരങ്ങള്‍ക്കായും, മന്ത്രവാദ ചടങ്ങുകള്‍ക്കായും ഉപയോഗിച്ച് വന്നു.
0 Comments