ലോകമെമ്ബാടുമുള്ള 50 ലക്ഷത്തിലധികം ആളുകളുടെ ജീവന്‍ കവര്‍ന്ന കൊവിഡിനെക്കാള്‍ മാരകമാകാം ഭാവിയില്‍ വരാന്‍ സാധ്യതയുള്ള അടുത്ത മഹാമാരിയെന്ന് പ്രൊഫസര്‍ ഡാം സാറാ ഗില്‍ബെര്‍ട്ട്.
ഓക്‌സ്‌ഫോര്‍ഡ്-ആസ്ട്രസെനെക്ക വാക്‌സിന്‍ കണ്ടുപിടിച്ചവരില്‍ ഒരാളാണ് ഇവര്‍.കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ അത്ര ഫലപ്രദമായിരിക്കില്ല നിലവിലെ വാക്‌സിനുകളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 44-ാമത് റിച്ചാര്‍ഡ് ഡിംബിള്‍ബി പ്രഭാഷണത്തിലാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
“ഒരു വൈറസ് നമ്മുടെ ജീവിതത്തെയും ഉപജീവനത്തെയും ഭീഷണിപ്പെടുത്തുന്ന അവസാന സമയമായിരിക്കില്ല ഇത്. അടുത്തത് മോശമായേക്കാം എന്നതാണ് സത്യം. ഇത് കൂടുതല്‍ പകര്‍ച്ചവ്യാധിയോ കൂടുതല്‍ മാരകമോ അല്ലെങ്കില്‍ രണ്ടും കൂടിയോം ആകാം”, അവര്‍ പറഞ്ഞു.
മാരകമായ വൈറസുകള്‍ക്കെതിരെ ഗവേഷണത്തിലൂടെ കൈവരിച്ച ശാസ്ത്രീയ മുന്നേറ്റങ്ങള്‍ ‘നഷ്ടപ്പെടാന്‍ പാടില്ലെ’ന്നും ഡോ. ഗില്‍ബെര്‍ട്ട് കൂട്ടിച്ചേര്‍ത്തു. “നമ്മള്‍ നേടിയ മുന്നേറ്റങ്ങളും നാം നേടിയ അറിവും നഷ്ടപ്പെടരുത്”, ഡാം സാറാ ഗില്‍ബെര്‍ട്ട് പറഞ്ഞു.
നമ്മള്‍ കടന്നുപോയ ഇത്തരമൊരു സാഹചര്യം ഇനി അനുവദിക്കാനാകില്ല. ഒരു മഹാമാരിയെ നേരിടാന്‍ ഫണ്ടില്ലെന്നാണ് നമുക്കുണ്ടായ ഭീമമായ സാമ്ബത്തിക നഷ്ടം അര്‍ത്ഥമാക്കുന്നത്. ഒമിക്രോണിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതുവരെ ജാഗ്രത പാലിക്കണം. ഈ പുതിയ വകഭേദത്തിന്റെ വ്യാപനം മന്ദഗതിയിലാക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ വാക്‌സിനോളജി പ്രൊഫസറാണ് ഡോ. ഗില്‍ബെര്‍ട്ട്. വാക്‌സിനുകള്‍ നിര്‍മ്മിക്കുന്നതില്‍ ഒരു ദശാബ്ദത്തെ അനുഭവപരിചയം ഇവര്‍ക്കുണ്ട്. ഗില്‍ബെര്‍ട്ട് ഉള്‍പ്പെടുന്ന സംഘം വികസിപ്പിച്ചെടുത്ത ആസ്ട്രസെനക്ക വാക്‌സിന്‍ 170-ലധികം രാജ്യങ്ങളില്‍ ഉപയോഗിക്കുന്നു.
0 Comments