മരക്കാറിനെതിരെയുള്ള ഡീഗ്രേഡിംഗ് നല്ലതിന്; കാരണം പറഞ്ഞ് ഹരീഷ് പേരടി

 


ഏറെ നാളുകളായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഇന്നലെയാണ് തീയേറ്ററുകളിലെത്തിയത്. ഹിറ്റ് കുട്ടുകെട്ടായ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ സിനിമയ്ക്ക് വലിയ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. 

എന്നാല്‍ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത് സമ്മിശ്ര പ്രതികരണങ്ങളാണ്. ഇതിനിടെ ചിത്രത്തിനെതിരെ മനപ്പൂര്‍വ്വമുള്ള ഡീഗ്രേഡിംഗ് ശ്രമങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിലെ താരമായ ഹരീഷ് പേരടി. മരക്കാറില്‍ മങ്ങാട്ടച്ചന്‍ എന്ന കഥാപാത്രമായാണ് ഹരീഷ് പേരടി അഭിനയിച്ചത്.

സിനിമയ്‌ക്കെതിരെയുള്ള ഡീഗ്രേഡിംഗ് ഒരു തരത്തില്‍ നല്ലതാണെന്നാണ് ഹരീഷ് പേരടി അഭിപ്രായപ്പടുന്നത്. റിപ്പോര്‍ട്ടര്‍ ടീവിയോടായിരുന്നു ഹരീഷിന്റെ പ്രതികരണം. മരക്കാര്‍ സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നു എന്നതില്‍ സന്തോഷം. പ്രത്യേകിച്ച് മങ്ങാട്ടച്ഛന്‍ എന്ന എന്റെ കഥാപാത്രത്തെ സ്വീകരിച്ചു എന്നതില്‍ അതിയായ സന്തോഷം എന്ന് അദ്ദേഹം പറയുന്നു. പിന്നാലെയാണ് ഡിഗ്രേഡിംഗിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.

ഒരു പരിധി വരെ ഡീഗ്രേഡ് ചെയ്യപ്പെടുന്നത് നല്ലത് ആണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. മനപൂര്‍വം ഇങ്ങനെ ചെയ്യുമ്പോള്‍ സാധാരണ പ്രേക്ഷകന്‍ അമിത പ്രതീക്ഷ ഇല്ലാതെ തന്നെ പോവുകയും പടം കഴിഞ്ഞു പൂര്‍ണ്ണ സംതൃപ്തിയോടെ ഇറങ്ങുകയും ചെയ്യും എന്നാണ് ഹരീഷ് പേരടി ചൂണ്ടിക്കാണിക്കുന്നത്. സിനിമയുടെ വിജയത്തിന് കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. തുടക്കം മുതല്‍ തന്നെ ഈ സിനിമയുടെ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിട്ടുണ്ട് സിനിമ 30 ശതമാനം ചരിത്രവും 70 ശതമാനം തന്റെ ഭാവനയുമാണ് എന്ന്. എന്നാല്‍ കുഞ്ഞാലി മരയ്ക്കാറുമായി ബന്ധപ്പെട്ട എല്ലാ ചരിത്ര പുസ്തകങ്ങളും നാടകങ്ങളും എല്ലാം അദ്ദേഹം വായിച്ചിരുന്നു. ആ കണക്കിന് നോക്കുമ്പോള്‍ ചരിത്രത്തോടും കലയോടും സിനിമ നീതി പുലര്‍ത്തുന്നുണ്ടെന്നാണ് ഹരീഷ് പേരടി പറയുന്നത്.

ഏതൊരു നടനെ സംബന്ധിച്ചും, നാടകമാകട്ടെ സിനിമയാകട്ടെ ജീവിതത്തില്‍ തന്നെ വളരെ അപൂര്‍വമായി കിട്ടുന്ന സൗഭാഗ്യമാണ് ഇങ്ങനെ ഒരു കഥാപാത്രം. അങ്ങനെ എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമായിട്ടാണ് ഞാന്‍ മങ്ങാട്ടച്ചനെ കണ്ടത് എന്നായിരുന്നു മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചത്. മങ്ങാട്ടച്ചനുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ നമ്മള്‍ ചെറുപ്പം മുതല്‍ കേള്‍ക്കുന്നതാണ്. വ്യത്യസ്തമായ മുഖങ്ങളുള്ള ആളായിരുന്നു മങ്ങാട്ടച്ചന്‍. സാമൂതിരിയുടെ വിശ്വസ്തനായ സേനാധിപതിയായി നിന്ന സത്യസന്ധനായ മനുഷ്യന്‍ ആണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ മരക്കാര്‍: അറബിക്കടലിന്റെ സിംഹം' എന്ന ഇതിഹാസ ചിത്രമെടുക്കുമ്പോള്‍ മങ്ങാട്ടച്ചന്‍ എന്ന കഥാപാത്രം എന്നെത്തേടി എത്തുമെന്ന് ഞാന്‍ കരുതിയതല്ലെന്നാണ് അദ്ദേഹം പറയുന്നത്.

'ഞാന്‍ ഹരീഷിന്റെ മലയാള സിനിമകളൊന്നും കണ്ടിട്ടില്ലായിരുന്നു. നിങ്ങളുടെ തമിഴ് സിനിമകളാണ് ആദ്യമായി കണ്ടത്. അങ്ങനെയാണ് ഞാന്‍ നിങ്ങളെ ഇതിലേക്ക് കാസ്റ്റ് ചെയ്യുന്നത്. നിങ്ങള്‍ക്കായി മറ്റൊരു കഥാപാത്രം തരാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ നിങ്ങളുടെ സിനിമകള്‍ കൂടുതല്‍ കണ്ടുതുടങ്ങിയപ്പോള്‍ നിങ്ങളെ ഏല്‍പിക്കേണ്ട കഥാപാത്രം മങ്ങാട്ടച്ചന്‍ ആണെന്ന് എനിക്ക് തോന്നി'.എന്നായിരുന്നു സംവിധായകന്‍ പ്രിയദര്‍ശന്‍ താനുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ പറഞ്ഞതെന്ന് ഹരീഷ് പേരടി ഓര്‍ക്കുന്നു. മങ്ങാട്ടച്ചന്റെ വേരുകള്‍ ഓടിയിരുന്ന നാട്ടില്‍ ജനിക്കുകയും അദ്ദേഹത്തിന്റെ കഥകള്‍ കേട്ട് വളരുകയും ചെയ്ത തനിക്ക് ആ വേഷം ചെയ്യാന്‍ സാധിച്ചത് വലിയ ബഹുമതി തന്നെയായിരുന്നുവെന്നും ഹരീഷ് പറയുന്നു.

മോഹന്‍ലാലിനൊപ്പം നെടുമുടി വേണു, പ്രണവ് മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, പ്രഭു, മാമുക്കോയ, ഇന്നസെന്റ്, മുകേഷ് തുടങ്ങി വലിയൊരു താരനിര തന്നെ മരക്കാറില്‍ അഭിനയിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്.

Post a Comment

0 Comments