ഞാന്‍ പ്രസവിക്കില്ലെന്നും കുഞ്ഞിനെ ദത്തെടുക്കണമെന്നും പറഞ്ഞവരുണ്ട്; ഒടുവില്‍ മകന് ജന്മം കൊടുത്തതിനെ കുറിച്ച് ചാര്‍മിള

 


കാബൂളിവാല മുതലിങ്ങോട്ട് അനേകം സിനിമകളില്‍ നായികയായി അഭിനയിച്ച് മലയാളക്കരയുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ചാര്‍മിള. മലയാളത്തിന് പുറമേ അന്യഭാഷ ചിത്രങ്ങളിലും സജീവമായി അഭിനയിച്ചിട്ടുള്ള നടി തന്റെ മകന്‍ ജനിച്ച കഥ മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ട്. 

കൈരളി ചാനലിലെ ജെബി ജംഗ്ഷനില്‍ പങ്കെടുത്ത് സംസാരിച്ചപ്പോഴായിരുന്നു പ്രസവിക്കില്ലെന്ന് പലരും പറഞ്ഞിട്ടുണ്ടെന്ന് ചാര്‍മിള വെളിപ്പെടുത്തിയത്. ഇപ്പോഴിതാ പഴയ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്.

സിനിമയുടെ പ്രശസ്തിയായിരുന്നു ആദ്യം നോക്കിയത്. അക്കാലത്ത് അച്ഛന് നല്ല പണം ഉണ്ടായിരുന്നതിനാല്‍ പൈസ ആയിരുന്നില്ല ലക്ഷ്യം. ഒന്ന് പ്രശസ്ത ആവുക എന്ന് മാത്രമേ നോക്കിയിരുന്നുള്ളു എന്നും ചാര്‍മിള പറയുന്നു. തന്റെ മകന് ഏറ്റവും ഇഷ്ടമുള്ള സിനിമ കാബൂളിവാലയാണ്. അവന് അതിലെ പാട്ടുകളും ഇഷ്ടമാണെന്ന് നടി പറയുന്നു. പിന്നാലെ മകന്റെ വീഡിയോയും ഷോയില്‍ കാണിച്ചിരുന്നു. 'ഹായ് ഞാന്‍ അഡോണ്‍ എസ് ജൂഡ്. ഞാന്‍ എന്റെ മമ്മിയെ സ്‌നേഹിക്കുന്നു. അമ്മയുടെ പാചകം ഒക്കെ ഇഷ്ടമാണ്. കാബൂളിവാലയാണ് എനിക്കേറ്റവും ഇഷ്ടമുള്ള അമ്മയുടെ സിനിമ. അമ്മയ്ക്കും അതിനോട് ഒരു ഇഷ്ടം കൂടുതലുണ്ട്' എന്നുമാണ് ചാര്‍മിളയുടെ മകന്‍ സംസാരിച്ചത്.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം മകനാണ്. അവനിലൂടെ ഒരുപാട് മാറ്റം എനിക്ക് ഉണ്ടായിട്ടുണ്ട്. പക്വത വന്നത് ഒരു അമ്മയായ ശേഷമാണ്. ഞാന്‍ തൈറോയിഡ് രോഗിയാണ്. അതുകൊണ്ട് കുഞ്ഞ് വരില്ലെന്ന് എല്ലാവരും കണ്‍ഫോം ആയി പറഞ്ഞിരുന്നു. എന്റെ ഗര്‍ഭപാത്രത്തില്‍ ഒന്ന് രണ്ട് തുളയുണ്ടെന്ന് കുറേ ആശുപത്രികളില്‍ നിന്നും പറഞ്ഞിരുന്നു. തൈറോഡിയിന്റെ മരുന്ന് കഴിക്കുന്നത് കൊണ്ട് കുഞ്ഞ് ഉണ്ടാവുകയുമില്ല. നിങ്ങള്‍ക്കൊരു കുഞ്ഞ് ജനിക്കുമെന്ന് ഉറപ്പില്ല. അതോണ്ട് ദത്ത് എടുത്തോളൂ എന്നാണ് പ്രമുഖ ആശുപത്രികളില്‍ നിന്നും ഡോക്ടര്‍മാരടക്കം പറഞ്ഞത്. എനിക്ക് ഈശ്വര വിശ്വാസം വളരെയധികം ഉണ്ടായിരുന്നു.

ഞാന്‍ നന്നായി ഡാന്‍സ് കളിക്കുമായിരുന്നു. ജോഡി നമ്പര്‍ വണ്‍ എന്നൊരു പരിപാടി ചെയ്യുന്ന സമയത്ത് എനിക്ക് ഭയങ്കരമായി ശ്വാസം മുട്ടല്‍ വന്നു. അന്നേരമാണ് ആശുപത്രിയില്‍ പോയത്. എന്റെ പള്‍സ് കണ്ടപ്പോള്‍ പറഞ്ഞ് പ്രഗ്നന്‍സി ടെസ്റ്റ് ചെയ്യാന്‍. അത് കേട്ട് എന്റെ ഭര്‍ത്താവ് പോലും ചിരിച്ചോണ്ട് ഇരിക്കുകയായിരുന്നു. എന്റെ അവസ്ഥയെ കുറിച്ച് അവിടുത്തെ ഡോക്ടര്‍മാര്‍ക്ക് അറിയില്ലായിരുന്നു. ഈ ഡോക്ടര്‍മാര്‍ക്ക് വട്ടാണെന്ന തരത്തില്‍ പറഞ്ഞ് എന്റെ ഭര്‍ത്താവ് ഒത്തിരി ചിരിച്ചു. അന്നേരം ഞാന്‍ ജീസസിനോട് ഒരുപാട് പ്രാര്‍ഥിച്ചു.

വിശുദ്ധ അന്തോണിസിനോടും ജൂഡിനോടും ഞാന്‍ പ്രാര്‍ഥിച്ചു. ഇത് ഗര്‍ഭമാവുകയാണെങ്കില്‍ ജനിക്കാന്‍ പോകുന്ന ആണ്‍കുട്ടിയ്ക്ക് ജൂഡ് എന്ന പേര് ഇടാം. പെണ്‍കുട്ടിയാണ് ജനിക്കുന്നതെങ്കില്‍ ജൂഡിത്ത് എന്ന് പേര് വെക്കാം. പക്ഷേ ഇത് കണ്‍ഫോം ആവണം. പിന്നാലെ നഴ്‌സ് വന്ന് പറഞ്ഞത് ഗര്‍ഭിണിയാണെന്നാണ്. അങ്ങനെയാണ് അഡോണസ് ജൂഡ് എന്ന പേര് വെച്ചതെന്ന് ചാര്‍മിള പറയുന്നു. ശരിക്കും പറഞ്ഞാല്‍ പ്രാര്‍ഥിച്ച് ജനിച്ച കുട്ടിയാണ്. അവന്‍ ജനിച്ചതിന് ശേഷം രണ്ട് വര്‍ഷത്തേക്ക് എങ്ങോട്ടും പോയിട്ടില്ല. ഔട്ട് ഡോര്‍ ഷൂട്ടിന് പോയത് അവന് അഞ്ച് വയസുള്ളപ്പോഴാണെന്നും നടി പറയുന്നു.

Post a Comment

0 Comments