കുതിച്ചുയര്‍ന്ന് തക്കാളി വില, താളം തെറ്റി കുടുംബ ബജറ്റ്; തലയില്‍ കൈവച്ച്‌ സാധാരണക്കാര്‍!

 


ന്യൂഡല്‍ഹി: രാജ്യത്ത് പല സംസ്ഥാനങ്ങളിലും ഏതാനും ആഴ്ചകളായി തക്കാളി വില കുതിച്ചുയരുകയാണ്.

ഉയര്‍ന്ന ഇന്ധന, ഗ്യാസ് വില മൂലം പൊറുതിമുട്ടുന്ന കുടുംബങ്ങള്‍ക്ക് ഇരുട്ടടിയായി മാറുകയാണ് തക്കാളിവിലയിലെ ഈ കുതിച്ചുക്കയറ്റം.

ഉരുളക്കിഴങ്ങ്, ഉള്ളി തുടങ്ങിയ പച്ചക്കറികളുടെ വിലയും വര്‍ധിച്ചെങ്കിലും തക്കാളി വിലയിലെ വര്‍ധനവാണ് ഏറെ ഞെട്ടിച്ചത്. നവംബര്‍ തുടക്കത്തില്‍ രാജ്യത്ത് തക്കാളിയുടെ ശരാശരി വില കിലോയ്ക്ക് 54 രൂപയായിരുന്നെങ്കില്‍, പിന്നീട് പലയിടത്തും ഇത് കിലോയ്ക്ക് 100 രൂപയ്ക്ക് മുകളില്‍ എത്തുകയായിരുന്നു.

ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് തുടങ്ങി പല സംസ്ഥാനങ്ങളിലും തക്കാളി വില കുതിച്ചുയര്‍ന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 40 ശതമാനം വരെ വിലവര്‍ധനവ് രേഖപ്പെടുത്തി. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കൃഷി നാശം സംഭവിച്ചതാണ് ഈ വിലവര്‍ധനവിന് കാരണം.

മുംബൈ അടക്കം മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും തക്കാളി വില കുത്തനെ ഉയര്‍ന്ന് കിലോയ്ക്ക് 100 രൂപയായി. ഡല്‍ഹിയിലും സമാനമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്. മൊത്തവില കിലോയ്ക്ക് 70 രൂപയായി ഉയര്‍ന്നു.

ഉയര്‍ന്ന ഗ്യാസ്, ഇന്ധന വില മൂലം ഗാര്‍ഹിക ബജറ്റ് ഇതിനകം തന്നെ പല കുടുംബങ്ങളിലും താളം തെറ്റിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് പച്ചക്കറി വിലയിലെ വര്‍ധനവും തിരിച്ചടിയാകുന്നത്.

പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തിറങ്ങിയതിനാല്‍ പ്രതിസന്ധി ഉടന്‍ അവസാനിക്കുമെന്ന് കച്ചവടക്കാര്‍ പറയുന്നു. പുതിയ വിളകളുടെ വരവ് വില കുറയാന്‍ ഇടയാക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.


തക്കാളി മാത്രമല്ല

തക്കാളി മാത്രമല്ല, മറ്റ് പച്ചക്കറി ഇനത്തിലും വന്‍ വിലവര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഉരുളക്കിഴങ്ങിന്റെ അഖിലേന്ത്യാ ശരാശരി പ്രതിമാസ വില 10 മാസത്തെ ഉയര്‍ന്ന നിരക്കിലും ഉള്ളി വില ഒമ്ബത് മാസത്തെ ഉയര്‍ന്ന നിരക്കിലുമാണെന്ന്‌ ഉപഭോക്തൃ കാര്യ വകുപ്പില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു.

തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വില ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കാലവര്‍ഷക്കെടുതിയും ഉയര്‍ന്ന ഗതാഗതച്ചെലവും കാരണം രാജ്യത്ത് പച്ചക്കറികളുടെ മൊത്തവിലയും കുതിച്ചുയര്‍ന്നതായി ‘കെയര്‍ റേറ്റിംഗ്സ്’ അടുത്തിടെ ഒരു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments