അണക്കെട്ടില്‍നിന്ന് ഒഴുകിയെത്തിയത് ഭീമന്‍ മത്സ്യങ്ങള്‍; മുന്നറിയിപ്പ് ലംഘിച്ച്‌ ആറ്റിലേക്ക് ചാടി യുവാക്കള്‍

 


തെന്മല: പരപ്പാര്‍ അണക്കെട്ടില്‍നിന്നും ഒഴുകിയെത്തുന്ന വലിയ മത്സ്യങ്ങളെ പിടിക്കാന്‍ സാഹസികത കാണിച്ച്‌ യുവാക്കള്‍.അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുമ്ബോള്‍ വെള്ളത്തിനൊപ്പം നിരവധി മത്സ്യങ്ങളും കല്ലടയാറ്റിലേക്ക് ഒഴുകിയെത്തും. ഇവയെ പിടികൂടാന്‍ അണക്കെട്ട് മുഖത്തുനിന്നും 500 മീറ്റര്‍ താഴെയുള്ള തിരുവനന്തപുരം ചെങ്കോട്ട സംസ്ഥാനാന്തര പാതയിലെ പാലത്തില്‍ നിന്നുമാണു യുവാക്കള്‍ കല്ലടയാറ്റിലേക്കു ചാടുന്നത്.

കട്ട്‌ല ഇനത്തില്‍പ്പെട്ട മീനാണ് കൂടുതലായും ഒഴുകിയെത്തുന്നത്. 20 കിലോഗ്രാം തൂക്കം വരെയുള്ള മത്സ്യത്തെ ഇവിടെനിന്നും കിട്ടിയിട്ടുണ്ട്. കിലോയ്ക്ക് 250 രൂപ നിരക്കിലാണു വില്‍പന. ഒരു ദിവസം ശരാശരി ഇരുപതോളം മത്സ്യത്തെ പിടികൂടാറുണ്ട്. അണക്കെട്ട് തുറക്കുന്ന ആദ്യത്തെ ദിവസമാണു ചാകര. അന്നേ ദിവസം നിരവധി മത്സ്യങ്ങള്‍ ഒഴുകിയെത്തും. ഷട്ടര്‍ ഉയര്‍ത്തുന്ന വേളയിലും മത്സ്യം ധാരാളമായി കിട്ടാറുണ്ടെന്നു യുവാക്കള്‍ പറയുന്നു.

ഷട്ടറില്‍നിന്നും താഴ്ചയിലേക്കു മത്സ്യം വീഴുമ്ബോള്‍ത്തന്നെ ഒട്ടുമിക്കതും ചാകും. ചത്ത മത്സ്യം വെള്ളത്തിനു മുകളില്‍ പൊങ്ങി ഒഴുകി വരുന്നതു ദൂരത്തുനിന്നും കാണാം. മത്സ്യം പാലത്തിന് നിശ്ചിത ദൂരത്തില്‍ എത്തുമ്ബോള്‍ താഴേക്കും ചാടും. മത്സ്യത്തിനൊപ്പം ഇവരും കുറെദൂരം ഒഴുകിപ്പോയ ശേഷമാണ് കരയിലേക്ക് നീന്തി കയറുന്നത്.

സാഹസിക മീന്‍പിടിത്തം പൊലീസ് നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും യഥേഷ്ടം നടക്കുന്നുണ്ട്. പൊലീസ് സ്റ്റേഷന് 100 മീറ്റര്‍ മാറിയാണ് ഈ മീന്‍പിടുത്തം നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കാലങ്ങളായി തുടര്‍ന്നുവരുന്ന മീന്‍പിടിത്തം നാട്ടുകാര്‍ക്കു ഹരമാണെങ്കിലും അപകടം പതിയിരിക്കുന്ന ഒന്നാണ്. കുത്തൊഴുക്കും പാലത്തില്‍നിന്നു ചാടുമ്ബോഴുണ്ടാകുന്ന ആഘാതവും അപകടത്തിനു കാരണമായേക്കാം.

Post a Comment

0 Comments