മഴക്കെടുതി; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

 


സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.4 ലക്ഷം രൂപ സഹായം നല്‍കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. കാലതാമസം കൂടാതെ തുക വിതരണം ചെയ്യാന്‍ നിര്‍ദ്ദേശിച്ചതായും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 12 ആയി. ‌‌‌കാഞ്ഞിരപ്പിള്ളി മേഖലയില്‍ 15 പേരെ ആകെ കാണാതായെന്നും മന്ത്രി അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുകയാണ്. മഴയുടെ ശക്തി കുറഞ്ഞതിന്‍്റെ ആശ്വാസത്തിലാണ് വടക്കന്‍ കേരളം. അണക്കെട്ടുകളില്‍ ജല നിരപ്പ് സാധാരണ നിലയിലാണ്. മുന്‍കരുതലിന്‍്റെ ഭാഗമായി പ്രത്യേകിച്ച്‌ മലയോര മേഖലകളിലൂടെയുള്ള രാത്രി കാല യാത്ര ഒഴിവാക്കണമെന്ന നിര്‍ദ്ദേശമാണ് ജില്ല ഭരണകൂടം നല്‍കിയിട്ടുള്ളത്. ഇടുക്കിയില്‍ മഴയ്ക്ക് അല്‍പ്പ ശമനമുണ്ട്. വിവിധ ഇടങ്ങളില്‍ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. പുഴകളിലേയും മറ്റും നീരൊഴുക്ക് ശക്തമായി തുടരുന്നു. അണക്കെട്ടുകളിലേയും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയിലെത്തി. കല്ലാര്‍കൂട്ടി, കല്ലാര്‍ ഡൈവേര്‍ഷന്‍ ഡാം എന്നിവ തുറന്നിട്ടിരിക്കുകയാണ്. എന്നാല്‍ അശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. മണ്ണിടിച്ചിലില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്ന റോഡുകളിലെ ഗതാഗതം പുനസ്ഥാപിച്ചു. പതിനേഴ് ക്യാമ്ബുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.

കോട്ടയത്തും മഴ മാറി നില്‍ക്കുകയാണ്. ചില പ്രദേശങ്ങളില്‍ ചാറ്റല്‍ മഴയുണ്ട്. ഇന്നലെ കനത്ത മഴ പെയ്ത കാഞ്ഞിരപ്പള്ളി പൂഞ്ഞാര്‍ കൂട്ടിക്കല്‍ പാലാ മേഖലകളില്‍ മഴ പെയ്യുന്നില്ല എന്നത് ആശ്വാസമാണ്. മഴ തുടര്‍ന്നിരുന്നെങ്കില്‍ രക്ഷപ്രവര്‍ത്തനം നടത്താന്‍ പോലും കഴിയാത്ത സാഹചര്യം ഉണ്ടാകുമായിരുന്നു. റോഡിലെ വെള്ളക്കെട്ട് പലയിടത്തും ഇറങ്ങി തുടങ്ങി. എന്നാല്‍ ഉരുളപൊട്ടല്‍ അടക്കം ഉണ്ടായതിനാല്‍ ജില്ലയിലെ നാശ നഷ്ടങ്ങള്‍ വലുതാണ്. പല മേഖലകളും വൈദ്യുതിബന്ധം പുനസ്ഥാപിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല.

എറണാകുളത്തും മഴ കുറഞ്ഞു. ഇന്നലെ ശക്തമായ മഴ പെയ്ത് നഗരത്തിലെ പലസ്ഥലങ്ങളിലുമുണ്ടായ വെള്ളകെട്ട് പൂര്‍ണമായും വലിഞ്ഞു. മഴയെതുടര്‍ന്ന് ഇന്നലെ തന്നെ ആലുവ, മൂവാറ്റുപുഴ, കൊച്ചി, കോതമംഗലം താലൂക്കുകളില്‍ ഓരോ ദുരിതാശ്വാസ ക്യാമ്ബ് വീതം തുറന്നിരുന്നു.. 25 കുടുംബങ്ങളില്‍ നിന്നായി 86 പേര്‍ ക്യാമ്ബുകളില്‍ കഴിയുന്നുണ്ട്. തൃശൂരിലും മഴയ്ക്ക് ശമനം ഉണ്ടായി. തൃശ്ശൂര്‍ ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ ടീം രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായി. കൂടാതെ മത്സ്യ ഫെഡും മുന്‍കരുതലിന്റെ ഭാഗമായി വള്ളങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ചാലക്കുടിപ്പുഴയുടെ തിരുത്ത് താമസിക്കുന്നവര്‍ക്കുള്ള ജാഗ്രതാനിര്‍ദേശം തുടരുകയാണ്.

Post a Comment

0 Comments