ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക് കുടുംബ വിസ: ശുപാർശ നൽകി കുവൈത്ത്

 


കുവൈത്ത് സിറ്റി: ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് കുടുംബത്തെ കൊണ്ടുവരുന്നതിന് വിസ അനുവദിക്കാമെന്ന് ശുപാർശ ചെയ്ത് കുവൈത്ത്. താമസാനുമതികാര്യ വിഭാഗമാണ് ഇക്കാര്യം സംബന്ധിച്ച ശുപാർശ നൽകിയത്.

താമസാനുമതികാര്യ വിഭാഗം കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് ശുപാർശ തയാറാക്കിയത്. ആഭ്യന്തരമന്ത്രി ഷെയ്ഖ് താമിർ അൽ അലി അൽ സബാഹിന്റെ നേതൃത്വത്തിൽ മന്ത്രാലയം അധികൃതരുടെ പരിശോധനയ്ക്ക് ശേഷം ശുപാർശ മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. മന്ത്രിസഭാ തീരുമാനം അനുസരിച്ചാകും ശുപാർശ പ്രാബല്യത്തിൽ വരുത്തുന്നത്. പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലി ചെയ്യുന്നവരുമായി ബന്ധപ്പെട്ട് വ്യത്യസ്ത രീതിയിലുള്ള ശുപാർശകളാണ് താമസകാര്യ വകുപ്പ് തയാറാക്കിയിട്ടുള്ളത്.

ആരോഗ്യമന്ത്രാലയം, പ്രതിരോധ മന്ത്രാലയം, നാഷനൽ ഗാർഡ്, നാഷനൽ പെട്രോളിയം കോർപറേഷൻ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഭാര്യയെയും കുട്ടികളെയും കൊണ്ടുവരുന്നതിന് കുടുംബ വിസ അനുവദിക്കാനാണ് ശുപാർശയുള്ളത്. വനിതാ ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഭർത്താവിനെയും 16 ൽ താഴെ പ്രായമുള്ള മക്കളെയും കൊണ്ടുവരുന്നതിന് കുടുംബ വിസയും ഡോക്ടർ, നഴ്‌സ് അല്ലാത്ത വനിതാ മെഡിക്കൽ ജീവനക്കാർക്ക് ഭർത്താവിനെയും മക്കളെയും കൊണ്ടുവരുന്നതിന് ടൂറിസ്റ്റ് വിസിറ്റ് വിസ അനുവദിക്കുന്നതിനും ശുപാർശയുണ്ട്.

ക്ലിനിക്കുകൾ അല്ലാത്ത സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടർമാർക്കും നഴ്‌സുമാർക്കും 16 ൽ താഴെ പ്രായമുള്ള മക്കളെ കൊണ്ടുവരുന്നതിന് നിബന്ധനകൾക്ക് വിധേയമായി കുടുംബ വിസ അനുവദിക്കാനും സ്വകാര്യ ആശുപത്രികളിൽ (ക്ലിനിക് അല്ലാത്തവ) ജോലി ചെയ്യുന്ന ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഭാര്യയെയും കുട്ടികളെയും കൊണ്ടുവരുന്നതിന് നിബന്ധനകൾക്ക് വിധേയമായി കുടുംബ വിസ അനുവദിക്കാനും ശുപാർശ നൽകിയിട്ടുണ്ട്.

Post a Comment

0 Comments