ഭാര്യയ്ക്കും മകനും ജീവനാംശം നല്‍കാനുള്ള ഉത്തരവ് പാലിച്ചില്ല; ഭര്‍ത്താവിന്റെ വീടും വസ്തുവും കോടതി ജപ്തി ചെയ്തു; വസ്തു തങ്ങള്‍ വിലയ്ക്ക് വാങ്ങിയതാണെന്ന് ആവശ്യപ്പെട്ട് വന്ന മൂന്നാമതൊരാളുടെ ഹര്‍ജി കോടതി അനുവദിച്ചു; അപ്പീല്‍ നല്‍കാന്‍ സമയം നിലനില്‍ക്കേ താമസക്കാരെ ബലം പ്രയോഗിച്ച്‌ ഇറക്കി വിടാന്‍ പൊലീസിന്റെ ശ്രമം: ക്വട്ടേഷനെതിരേ ഡിജിപിക്ക് പരാതി

 


മാവേലിക്കര: കുടുംബ കോടതി ഉത്തരവ് പ്രകാരം ഭാര്യയ്ക്കും മകനും ജീവനാംശം നല്‍കാന്‍ തയാറാകാതിരുന്ന ഭര്‍ത്താവിന്റെ വീടും വസ്തുവും കോടതി ജപ്തി ചെയ്തു.ഈ വീട് മുന്‍പ് തന്നെ തങ്ങള്‍ക്ക് വിറ്റതാണെന്ന് കാട്ടി നല്‍കിയ ഹര്‍ജി കോടതി അനുവദിച്ചു. 

ഇപ്പോള്‍ അവിടെ താമസിക്കുന്ന ഹര്‍ജിക്കാരിക്കും മകനും അപ്പീല്‍ നല്‍കാന്‍ ഒരു മാസം സമയം ഉണ്ടെന്നിരിക്കേ് വീട്ടില്‍ നിന്നിറക്കി വിടാന്‍ പൊലീസിന്റെ ഗുണ്ടായിസം. കുറത്തികാട് പൊലീസിനെതിരേ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി.

മാവേലിക്കര വെട്ടിയാര്‍ ശ്രീലക്ഷ്മി ഭവനത്തില്‍ മനോജ് കുമാറിന്റെ ഭാര്യ പിആര്‍ രജനീ ദേവിക്കും മകനുമെതിരേയാണ് പൊലീസ് അതിക്രമം നടന്നതായി പരാതിയുള്ളത്. രജനി വാദിയായി പത്തനംതിട്ട കുടുംബ കോടതിയില്‍ മനോജ് കുമാറിനെതിരേ പിതൃധനം നേടിയെടുക്കുന്നതിനും മറ്റുമായി കേസ് നിലവിലുള്ളതാണ്. കേസിനോട് ബന്ധപ്പെട്ട് മനോജ് കുമാറിന്റെ പേരില്‍ വെട്ടിയാര്‍ വില്ലേജിലുള്ള വസ്തു ജപ്തി ചെയ്തിരുന്നു. ഈ വസ്തുവിലുള്ള വീട്ടിലാണ് രജനിയും മൈനറായ മകനും താമസിക്കുന്നത്.

ജപ്തി ഉത്തരവ് നിലവില്‍ വന്നതിനെ തുടര്‍ന്ന് ഈ വസ്തു തങ്ങള്‍ വിലക്ക് വാങ്ങിയതാണെന്ന് അവകാശപ്പെട്ട് നൂറനാട് ഇടപ്പോണ്‍ ചരുവില്‍ വീട്ടില്‍ വിജയ രോഹിണി ഈ കേസില്‍ ഒരു ക്ലെയിം ഹര്‍ജി പത്തനംതിട്ട കുടുംബ കോടതിയില്‍ നല്‍കി. ഈ ഹര്‍ജി കുടുംബ കോടതി അനുവദിക്കുകയും ചെയ്തു. കുടുംബ കോടതിയുടെ വിധിക്കെതിരേ അപ്പീല്‍ പോകാന്‍ രജനീ ദേവിക്ക് 30 ദിവസം സാവകാശമുണ്ട്.

ഇതിനായുള്ള തയ്യാറെടുപ്പ് നടത്തി വരുമ്ബോഴാണ് കുറത്തികാട് പൊലീസിന്റെ ഇടപെടല്‍. അപ്പീല്‍ നല്‍കാനുള്ള നിയമ പരമായ സാവകാശം നിലനില്‍ക്കുമ്ബോള്‍ വീട്ടില്‍ നിന്നിറങ്ങണമെന്നാവശ്യപ്പെട്ട് പൊലീസ് ബലപ്രയോഗത്തിന് മുതിരുകയായിരുന്നുവെന്ന് രജനിയുടെ അഭിഭാഷകന്‍ അഡ്വ. കെ.ജെ മനു പറഞ്ഞു. കുടുംബ കോടതിയുടെ വിധി ഒരു കാരണവശാലും നിലനില്‍ക്കാത്തതാണ്. രജനിക്കും മകനും വീടും വസ്തുവും കോടതി നല്‍കുമെന്ന് മനസിലാക്കിയാണ് ഭര്‍ത്താവ് മനോജ്കുമാര്‍ രഹസ്യമായി ഇതു വിറ്റതെന്ന് വേണം കരുതാന്‍.

സാമ്ബത്തിക-രാഷ്ട്രീയ സ്വാധീനത്തിന്റെ ഫലമായിട്ടാണ് കുറത്തികാട് പൊലീസ് നിയമം മറികടന്നുള്ള ഇടപെടല്‍ നടത്തിയിരിക്കുന്നതെന്ന് മനു പറഞ്ഞു. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ ഇടപെടാന്‍ പൊലീസിന് അധികാരമില്ല. പൊലീസിന്റെ സഹായത്തോടെ എതിര്‍ കക്ഷികള്‍ വീടു കയറി രജനീദേവിയെയും മൈനറായ മകനെയും ദേഹോപദ്രവം ഏല്‍പ്പിച്ചതായി കാണിച്ച്‌ മനുവാണ് മുഖ്യമന്ത്രി, ഡിജിപി, ആലപ്പുഴ എസ്‌പി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്.

രജനിയും മകനും ഇപ്പോള്‍ വീടിനുള്ളില്‍ തടവുകാരേപ്പോലെ കഴിയുകയാണ്. അവര്‍ക്ക് ഇപ്പോള്‍ പുറത്തിറങ്ങാനോ ആരോടെങ്കിലും പരാതി ബോധിപ്പിക്കാനോ സാധിക്കാത്തതുകൊണ്ടാണ് അഭിഭാഷകനായ താന്‍ പരാതി നല്‍കുന്നതെന്നും മനു പറഞ്ഞു.

Post a Comment

0 Comments