ഇരുന്നുറങ്ങുന്ന ശീലമുണ്ടോ? എങ്കില്‍ കരുതുക...

 


ഉറക്കം വന്നാല്‍ എവിടെയാണെന്നൊന്നും നോക്കുകയില്ല, അവിടെയങ്ങ് ഇരുന്നുറങ്ങും... എന്നെല്ലാം ചിലരെ പറ്റി പറയുന്നത് കേള്‍ക്കാറില്ലേ?ക്ലാസിലോ, ഓഫീസിലോ, ബസിലോ, വീട്ടിലോ എവിടെയുമാകട്ടെ, ഇങ്ങനെ ഇരുന്നുറങ്ങുന്നത് പതിവാക്കിയ എത്രയോ പേരുണ്ട്.

ഇരുന്നുറങ്ങുന്നതിനെ കളിയാക്കുമ്ബോള്‍ അവരും അതും തമാശരൂപേണ മാത്രമേ എടുക്കൂ. എന്നാല്‍ ഇരുന്നുള്ള ഉറക്കത്തിന് സാരമായ പ്രശ്‌നങ്ങളുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ സൂചിപ്പിക്കുന്നത്. കഴുത്തുവേദന, നടുവേദന പോലുള്ള പ്രശ്‌നങ്ങള്‍ സ്ഥിരമാകാന്‍ ഇത് നല്ലൊരു കാരണമാണ്.

അനക്കമില്ലാതെ ഏറെ നേരം ഒരേയിരിപ്പ് ഇരിക്കുന്നത് സന്ധികള്‍ക്ക് വലിയ പ്രശ്‌നമാണ് ഉണ്ടാക്കുക. സന്ധികള്‍ മരവിച്ചത് പോലെ ആയി മാറാന്‍ ഇത് കാരണമാകും. ഇത് ക്രമേണ 'വെയിന്‍ ത്രോംബോസിസ്' എന്ന അസുഖത്തിലേക്കും എത്തിക്കാം.

ശരീരത്തിന് കൃത്യമായ ഘടനയുണ്ട്. അതില്‍ നിന്ന് വ്യതിചലിച്ചുകൊണ്ട് ഏറെ നാള്‍ പോകുന്നത്, വിവിധ തരത്തിലുള്ള ശരീരവേദനകളിലേക്ക് നയിക്കും. ഇരുന്നുറക്കം പതിവാക്കിയവരില്‍ ഇങ്ങനെയുള്ള ശരീരവേദനകള്‍ എപ്പോഴും കാണപ്പെടാം. 'സ്‌ട്രെച്ച്‌' ചെയ്യുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കണ്ടേക്കാം. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരിലും ശരീരവേദന പതിവാകാം. അവര്‍ക്കും 'സ്‌ട്രെച്ചിംഗ്' ചെയ്യാവുന്നതാണ്.

അതുപോലെ ഏറെ നേരം അനക്കമില്ലാതെ ഒരേയിരിപ്പ് ഇരിക്കുന്നത് രക്തയോട്ടം സംബന്ധിച്ചും പ്രശ്‌നങ്ങളുണ്ടാക്കാം. എഴുന്നേറ്റ് നടക്കാനും, മറ്റ് കാര്യങ്ങള്‍ ചെയ്യാനുമെല്ലാം വിഷമത തോന്നിക്കുന്ന സാഹചര്യത്തിലേക്ക് ക്രമേണ ഇവയെത്തിക്കാം.

ഇതിനെല്ലാം പുറമെയാണ് നേരത്തേ സൂചിപ്പിച്ചത് പോലെ 'വെയിന്‍ ത്രോംബോസിസ്' എന്ന അസുഖം പിടിപെടാനുള്ള സാധ്യത. ശരീരത്തില്‍ എവിടെയെങ്കിലും ഞരമ്ബിലായി രക്തം കട്ട പിടിക്കുന്ന അവസ്ഥയാണ് ഇതില്‍ സംഭവിക്കുന്നത്. ഇത് ഒന്നോ രണ്ടോ ഇടങ്ങളിലുണ്ടാകാം. അധികവും കാലിലാണ് കാണപ്പെടുക.

സമയത്തിന് ചികിത്സയെടുക്കാതെയോ കൈകാര്യം ചെയ്യപ്പെടാതെയോ വിട്ടാല്‍ ജീവന്‍ വരെ അപകടത്തിലാക്കാന്‍ 'വെയിന്‍ ത്രോംബോസിസ്' മതി. കട്ട പിടിച്ച്‌ കിടക്കുന്ന രക്തം എപ്പോഴെങ്കിലും പൊട്ടി അത് ശ്വാസകോശത്തിലേക്കോ തലച്ചോറിലേക്കോ എത്തിയാല്‍ അത് സാരമായ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുക, അല്ലെങ്കില്‍ മരണം തന്നെയും.

ഓരോ ദിവസവും ഇങ്ങനെ 200 പേരെങ്കിലും മരിക്കുന്നുണ്ടെന്നാണ് 'ദ നാഷണല്‍ ബ്ലഡ് ക്ലോട്ട് അലിയന്‍സ്' ചൂണ്ടിക്കാട്ടുന്നത്. 25 വയസ് മുതല്‍ 85 വയസ് വരെയുള്ളവരില്‍ ഈ അപകടസാധ്യത നിലനില്‍ക്കുന്നതായും വിദഗ്ധര്‍ പറയുന്നു.


വെയിന്‍ ത്രോംബോസിസിന്റെ പ്രധാന ലക്ഷണങ്ങള്‍...

- കാലിലെ മസിലില്‍ വീക്കവും വേദനയും

- കണങ്കാലിലോ പാദത്തിലോ വീക്കവും വേദനയും

- ചര്‍മ്മ്തതില്‍ ചുവപ്പ് നിറം പടരുന്നത്

- ചര്‍മ്മത്തിന്റെ ആരോഗ്യം നഷ്ടപ്പെട്ട് നേര്‍ത്തതായി വരുന്നത്, ഒപ്പം വേദനയും

- പെട്ടെന്ന് കണങ്കാലിലോ പാദത്തിലോ വേദന അനുഭവപ്പെടുന്നത്.

Post a Comment

0 Comments