‘നാലര വയസിൽ അവന്റെ അമ്മ പോയതാ,എന്റെ പുള്ളയ്ക്ക് വേണ്ടത് കൊടുക്കണേ എന്നാണ് പ്രാർത്ഥിച്ചത്’; എൽദോസ് പോളിന്റെ മുത്തശ്ശി പറയുന്നു


 പാല: കേരളത്തെ തന്നെ അഭിമാനത്തിന്റെ നെറുകയിലെത്തിച്ചിരിക്കുകയാണ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോൾ. കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ ഈ മലയാളി ഒട്ടേറെ പ്രതിസന്ധികളോട് പോരാടിയാണ് ലോകത്തിന്റെ മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കുന്നത്.

എൽദോസ് പോളിന്റെ നേട്ടത്തിൽ മനസും കണ്ണും നിറഞ്ഞ് വാക്കകുൾ കിട്ടാതെ സന്തോഷത്തിലാണ് പാലയ്ക്കാ മറ്റത്തെ കൊച്ചുതോട്ടത്തിൽ വീട്ടിൽ 88 വയസുകാരിയായ മറിയാമ്മ. കൊച്ചുമകന്റെ നേട്ടം അറിഞ്ഞ് സന്തോഷം കൊണ്ട് ഒന്നും ചെയ്യാനാകാത്ത അവസ്ഥയുണ്ടായി.




നാലര വയസിൽ എൽദോസ് പോളിന്റെ അമ്മ മരിച്ചശേഷം അച്ഛന്റെ അമ്മയായ മറിയാമ്മയാണ് എൽദോസിനെ വളർത്തി വലുതാക്കിയത്. മുത്തശ്ശിയാണെങ്കിലും അമ്മയെന്നാണ് മറിയാമ്മയെ എൽദോസ് വിളിക്കുന്നത്.


‘എന്റെ പുള്ളയ്ക്ക് വേണ്ടത് കൊടുക്കണേ എന്നാണ് താൻ പ്രാർത്ഥിച്ചത്’ എന്ന് ചരിത്രനേട്ടത്തിന് ശേഷം എൽദോസ് പോളിന്റെ മുത്തശ്ശി പ്രതികരിച്ചു. തന്റെ പ്രാർത്ഥന കേട്ട് ദൈവം കൊച്ചുമകന് സ്വർണം തന്നെ കൊടുത്തെന്നും മുത്തശ്ശി മാധ്യമങ്ങളോട് പറഞ്ഞു.


ALSO READ- ട്രിപ്പിൾ ജംപിൽ അഭിമാന നേട്ടം എൽദോസ് പോളിന് സ്വർണം; അബ്ദുള്ള അബൂബക്കറിന് വെള്ളി; കേരളത്തിന്റെ ശക്തമായ തിരിച്ചുവരവെന്ന് കായികമന്ത്രി


മകന് ലോകത്തിന്റെ നെറുകയിലെത്തി നിൽക്കുമ്പോൾ എന്തുതോന്നുന്നു എന്ന ചോദ്യത്തോട് വൈകാരികമായാണ് മറിയാമ്മ പ്രതികരിച്ചത്. നാലര വയസിൽ അവന്റെ അമ്മ പോയതാ, പിന്നെ ഞാനായിരുന്നു അവന്റെ അമ്മ. ഞാനാണ് അവനെ നോക്കി വളർത്തിയത്. എന്തായാലും എന്റെ പുള്ള ഒന്നിലും വീഴ്ച കൂടാതെ ഇത്രയും നേടിയില്ലേ…? തൊണ്ടയിടറി കൊണ്ട് വൃദ്ധമാതാവ് പറയുന്നു. പ്രതീക്ഷിച്ചതിലും വലിയ നേട്ടമാണ് തന്റെ മകൻ നേടിയതെന്നും പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ടെന്നും മറിയാമ്മ കൂട്ടിച്ചേർത്തു.




കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിലാണ് കേരളത്തിന് അഭിമാന നേട്ടമുണ്ടായത് സ്വർണവും വെള്ളിയും മലയാളി താരങ്ങളാണ് നേടിയത്. 17.03 മീറ്റർ ദൂരം താണ്ടിയ എറണാകുളം കോലഞ്ചേരി സ്വദേശി എൽദോസ് പോൾ സ്വർണവും ഒരു മില്ലിമീറ്റർ വ്യത്യാസത്തിൽ കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുള്ള അബൂബക്കർ വെള്ളി മെഡലും സ്വന്തമാക്കി.

Post a Comment

0 Comments