ദുരിതാശ്വാസ പ്രവർത്തനം; അവധി 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്, പക്ഷേ എല്ലാ സ്കൂളുകൾക്കും അവധിയില്ല


 കോട്ടയം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമായെങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്.

 ദുരിതാശ്വാസ പ്രവ‍ർത്തനങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ സ്കൂളുകൾക്ക് ഇതിനകം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവ‍ർത്തിക്കുന്ന സ്കൂളുകൾക്കാണ് പല ജില്ലകളിലും അവധി പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും ചിലയിടങ്ങളിൽ താലൂക്ക് അടിസ്ഥാനത്തിൽ പ്രഫഷണൽ സ്ഥാപനങ്ങളടക്കം അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവ‍ർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും നാളെ അവധിയിയായിരിക്കും. ആലപ്പുഴ ജില്ലയിലെ കൂട്ടനാട് താലൂക്കിൽ സമ്പൂർണ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. ഇടുക്കി ജില്ലയിലാകട്ടെ ദേവികുളം, പീരുമേട് താലൂക്കുകളിലെയും ഉടുമ്പൻചോല താലൂക്കിലെ ബൈസൺവാലി, ചിന്നക്കനാൽ പഞ്ചായത്തുകളിലെയും എല്ലാ വിദ്യാഭ്യാസങ്ങൾക്കും നാളെ അവധിയായിരിക്കും.


കോട്ടയം കളക്ടറുടെ അറിയിപ്പ്

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് തിങ്കളാഴ്ച (ഓഗസ്റ്റ് 8 ) അവധി പ്രഖ്യാപിച്ചെന്നാണ് ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീയാണ് അറിയിച്ചത്.


ആലപ്പുഴ കളക്ടറുടെ അറിയിപ്പ്

ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായിരിക്കും അവധിയെന്നും ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജ അറിയിച്ചു.


തൃശൂർ കളക്ടറുടെ അറിയിപ്പ്

തൃശൂർ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ(08-08-22) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു


ഇടുക്കി കളക്ടറുടെ അറിയിപ്പ്

ദേവികുളം , പീരുമേട് താലൂക്കുകളിലെയും ഉടുമ്പൻചോല താലൂക്കിലെ ബൈസൺവാലി , ചിന്നക്കനാൽ പഞ്ചായത്തുകളിലെയും വിദ്യാഭ്യാസങ്ങൾക്ക് നാളെ അവധിയായിരിക്കും. ജില്ലയിൽ ദുരിതാശ്വാസക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി. പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമാണ്.


പത്തനംതിട്ട കളക്ടറുടെ അറിയിപ്പ്

കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് എട്ടിന് പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു.


അതേസമയം സംസ്ഥാനത്ത് മഴ ഭീഷണി വീണ്ടും സജീവമാകുകയാണ്. ബംഗാൾ ഉള്‍ക്കടലിലെ ന്യൂനമർദ്ദം ശക്തിപ്പെട്ടതാണ് കേരളത്തിൽ മഴ ഭീഷണി ശക്തമാകാൻ കാരണം. ഇത് 48 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി മാറിയേക്കുമെന്നാണ് സൂചന. വടക്കൻ കേരളത്തിലാകും മഴ കനക്കുക. മലയോര മേഖലകളിലാകട്ടെ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. മഴ ശക്തമായേക്കുമെന്ന സൂചനകൾക്കിടെ കേരളത്തിൽ ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം , ഇടുക്കി , തൃശ്ശൂർ , പാലക്കാട്‌ , കോഴിക്കോട് , വയനാട് , കണ്ണൂർ , കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. നാളെയാകട്ടെ 9 ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. കോട്ടയം , ഇടുക്കി , തൃശ്ശൂര്‍ , പാലക്കാട് , മലപ്പുറം, കോഴിക്കോട് , വയനാട്, കണ്ണൂര്‍ , കാസര്‍കോട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

Post a Comment

0 Comments